ആലപ്പുഴ: ബി.ജെ.പിയെ നേരിടാൻ കഴിയുന്ന എല്ലാവരുമായും യോജിച്ച് പ്രവർത്തിക്കുകയെന്നതാണ് കോൺഗ്രസിന്റെ നയമെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ആലപ്പുഴ പ്രസ്‌ക്ലബിന്റെ ജനസമക്ഷം-2019 പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
# കോൺഗ്രസിന്റെ സഖ്യങ്ങൾ?
ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസ് എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി ചർച്ചകൾ തുടരുകയാണ്. കോൺഗ്രസിന്റെ മുഖ്യ എതിരാളി ബി.ജെ.പിയാണ്. അവർക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ല.
# രാഹുലിന്റെ മത്സരം?
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ന്യൂനപക്ഷ വോട്ടുകൾ തേടിയാണെന്ന മോദിയുടെ പ്രസ്താവന കേരളത്തെ അപമാനിക്കലാണ്. വ്യക്തിപരമായ വിദ്വേഷം രാഷ്ട്രീയത്തിൽ കൊണ്ടുവന്ന് പ്രതിയോഗികളെ ഏത് നിലയ്ക്കും നേരിടുന്ന രീതിയാണ് മോദി പിന്തുടരുന്നത്. ആരുമായും വ്യക്തിപരമായ വിരോധം കോൺഗ്രസോ രാഹുൽഗാന്ധിയോ വച്ചു പുലർത്തുന്നില്ല.
# എം.കെ. രാഘവൻ വിവാദം?
കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ.രാഘവനെതിരായ അന്വേഷണത്തിൽ കോൺഗ്രസിനും യു.ഡി.എഫിനും യാതൊരു ഭയവുമില്ല. അന്വേഷണം നടക്കട്ടെ. എം.പിയെന്ന നിലയിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്ച വച്ചിട്ടുള്ളയാളാണ് രാഘവൻ. ജനകീയനായ അദ്ദേഹം വീണ്ടും ജയിക്കുമെന്നുറപ്പായപ്പോഴാണ് ഒളികാമറ വിവാദവുമായി എതിരാളികൾ രംഗത്തെത്തിയിട്ടുള്ളത്.
# സി.പി.എമ്മിന്റെ ബദൽ നയം?
ബദൽ നയത്തോട് കൂടിയ മതനിരപേക്ഷ സർക്കാരാണ് ഇന്ത്യയിൽ അധികാരത്തിൽ വരേണ്ടതെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായത്തോട് സി.പി.എമ്മിൽ ഏകാഭിപ്രായമുണ്ടോ? ഇവിടത്തെ നിലപാടാണോ ഇവരുടെ ദേശീയ സെക്രട്ടറിയ്ക്കുള്ളത്? ഇതു വ്യക്തമാകേണ്ടതുണ്ട്. വർഗ്ഗീയ, ഫാസിസ്റ്റ് സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയെന്നതാണ് കോൺഗ്രസ് ലക്ഷ്യം.
(ഡി.സി.സി പ്രസിഡന്റ് എം.ലിജു, കെ.പി.സി.സി ട്രഷറർ അഡ്വ. ജോൺസൺ ഏബ്രഹാം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രസ്‌ക്ലബ് പ്രസിഡന്റ് വി.എസ്.ഉമേഷ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ജി.ഹരികൃഷ്ണൻ സ്വാഗതവും എസ്.ഡി.വേണുകുമാർ നന്ദിയും പറഞ്ഞു.)