# ചേർത്തലയിലെ ടിക്കറ്റ് ബുക്കിംഗ് സമയം വെട്ടിക്കുറച്ചു

തുറവൂർ: തുറവൂർ റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ സൗകര്യം നിറുത്തലാക്കിയതിനു പിന്നാലെ ചേർത്തല സ്റ്റേഷനിൽ ടിക്കറ്റ് ബുക്കിംഗ് സമയം വെട്ടിക്കുറച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. രാവിലെ ഒൻപത് മുതൽ അഞ്ചുവരെയായിരുന്നു ചേർത്തലയിൽ റിസർവേഷന് സമയം ലഭിച്ചിരുന്നത്. ഇത് ഉച്ചയ്ക്ക് 2 ന് അവസാനിപ്പിച്ചുകൊണ്ടാണ് റെയിൽവേ അധികൃതർ വീണ്ടും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്.

തുറവൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന റിസർവേഷൻ സൗകര്യം മുന്നറിയിപ്പില്ലാതെയാണ് കഴിഞ്ഞ വർഷം റെയിൽവേ നിറുത്തലാക്കിയത്. തുടർന്ന് താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ ദീർഘദൂര യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ ചേർത്തല സ്റ്റേഷനെയാണ് ആശ്രയിച്ചിരുന്നത്. ചേർത്തല സ്റ്റേഷനിലെ സമയം വെട്ടിച്ചുരുക്കിയതോടെ യാത്രക്കാർ എറണാകുളത്തോ ആലപ്പുഴയിലോ എത്തിയാലേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ എന്നതായി സ്ഥിതി.

# പൂട്ടാനുള്ള പണി

നഷ്ടക്കണക്കിന്റെ പേരിൽ ചേത്തലയിലെയും റിസർവേഷൻ കൗണ്ടർ അടച്ചു പൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ടിക്കറ്റ് ബുക്കിംഗ് സമയം വെട്ടിച്ചുരുക്കിയതിന് പിന്നിലെന്നാണ് യാത്രക്കാരുടെ ആരോപണം.

ആലപ്പുഴയ്ക്കും എറണാകുളത്തിനുമിടയിലെ പ്രധാന സ്റ്റേഷനുകളായ തുറവൂരിലും ചേർത്തലയിലും നിരവധി ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പുള്ളതിനാൽ ടിക്കറ്റ് റിസർവേഷന് ധാരാളം പേർ നിത്യേന എത്താറുണ്ട്. റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തന സമയം പുന: സ്ഥാപിക്കണന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.