ആലപ്പുഴ: ജെ.എസ്.എസ് രാജൻ ബാബു വിഭാഗവും ഗൗരിഅമ്മ നേതൃത്വം കൊടുക്കുന്ന ജെ.എസ്.എസും ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. ലയന സമ്മേളനം 13ന് രാവിലെ10.30ന് ആലപ്പുഴ ഐശ്വര്യ ആഡിറ്റോറിയത്തിൽ നടക്കും. സമ്മേളനത്തിൽ ഗൗരിഅമ്മ പങ്കെടുക്കും.

ഇന്നലെ വൈകിട്ട് ഗൗരിഅമ്മയുടെ ചാത്തനാട്ടെ വസതിയിലെത്തിയാണ് രാജൻബാബുവും മറ്റു നേതാക്കളും ഗൗരിഅമ്മയുടെ സാന്നിദ്ധ്യത്തിൽ ലയന പ്രഖ്യാപനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇരുകൂട്ടരും നേരത്തെ നടത്തിയിരുന്നു. 2014 ജനുവരി 26ന് നടന്ന ആറാം പാർട്ടി കോൺഗ്രസിൽ, ഏത് മുന്നണിയിൽ ജെ.എസ്.എസ് നിൽക്കണമെന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് തങ്ങൾ വഴിപരിഞ്ഞതെങ്കിലും ഗൗരിഅമ്മയെ എതിർത്തിട്ടില്ലെന്നും ഇനി ഗൗരിഅമ്മയുടെ നിലപാടിനും നയങ്ങൾക്കും ഉപദേശങ്ങൾക്കും അനുസരിച്ചാവും പ്രവർത്തിക്കുന്നതെന്നും രാജൻ ബാബു പറഞ്ഞു.

പാർട്ടിയെ ശക്തിപ്പെടുത്താൻ ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിക്കണമെന്ന് രാജൻ ബാബുവിനോട് ഗൗരിഅമ്മ പറഞ്ഞു. പാർട്ടിയുടെ നയങ്ങൾ ജനറൽ സെക്രട്ടറിയായ താൻ പറയും. തന്നോട് പിണങ്ങിപ്പോയ രാജൻ ബാബുവിനും കൂട്ടർക്കും നല്ല തല്ലാണ് കൊടുക്കേണ്ടതെന്ന് ഗൗരിഅമ്മ പറഞ്ഞപ്പോൾ നേതാക്കളിൽ ചിരി പടർന്നു. രാജൻബാബു വിഭാഗം നേതാക്കളായ പ്രസിഡന്റ് ആർ.പൊന്നപ്പൻ, ബാലരാമപുരം രവീന്ദ്രൻ, ജയൻ, രാജു, രാധാഭായി, ടി.കെ.സുരേഷ്, ഗൗരിഅമ്മ വിഭാഗം സംസ്ഥാന പ്രസിഡന്റ് കാട്ടുകുളം സലി, ജില്ലാ സെക്രട്ടറി സി.എം. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

# പടക്കവ്യാപാരിയെ പറപ്പിച്ചു,

ഗേറ്റിന്റെ താക്കോൽ മറന്നു!

ആലപ്പുഴ: വിഷുവിന് രണ്ട് ദിവസം പടക്കം വിൽക്കാൻ പൊലീസിൽ നിന്നുള്ള അനുമതിക്ക് ഗൗരിഅമ്മയെക്കൊണ്ട് ശുപാർശ ചെയ്യാൻ വീട്ടിലെത്തിയ ജെ.എസ്.എസ് അനുഭാവി കൂടിയായ പടക്ക വ്യാപാരിയെ വീടിനു പുറത്തേക്കു ആട്ടിയോടിച്ച് ഗൗരിഅമ്മ ഗേറ്റു പൂട്ടി!

ഇന്നലെ രാവിലെ 11 മണിയോടെയാണ് അരൂർ സ്വദേശിയായ ഇയാൾ ചാത്തനാട്ടെ വീട്ടിലെത്തിയത്. ആവശ്യം കേട്ടയുടൻ 'നീ പടക്കം വിൽക്കാനാണോ, അതോ പടക്കം വെയ്ക്കാനാണോ വന്നത്' എന്ന് ചോദിച്ച് രോഷാകുലയായ ഗൗരിഅമ്മ, ഗൺമാനെ വിളിച്ച് ഇയാളെ ഗേറ്റിനു പുറത്താക്കി. തുടർന്ന് ഗേറ്റ് പൂട്ടി താക്കോൽ വാങ്ങിയ ശേഷം മുറിയിലേക്കു പോയി. വൈകിട്ട് 4.30ന് ലയന ചർച്ചയ്ക്കായി രാജൻബാബുവും കൂട്ടരും വീട്ടിലെത്തിയപ്പോൾ ഗൗരിഅമ്മ ഉറങ്ങുകയായിരുന്നു. ഈ സമയം മാദ്ധ്യമ പ്രവർത്തകരുമെത്തി. അല്പ സമയത്തിനകം ഉണർന്നപ്പോൾ താക്കോൽ വച്ച സ്ഥലം ഗൗരിഅമ്മ മറന്നു! രാജൻബാബുവും കൂട്ടരും പുറത്തു കാത്തുനിൽക്കുന്നതറിഞ്ഞ ഗൗരിഅമ്മ സഹോദരി പുത്രിയുടെ കൈപിടിച്ച് ഗേറ്റിനടുത്തെത്തി പൂട്ട് പൊളിക്കാൻ നിർദേശിച്ചു. തുടർന്ന് ഗൺമാൻ ചുറ്റിക ഉപയോഗിച്ച് പൂട്ട് പൊളിച്ചാണ് എല്ലാവരെയും അകത്ത് കയറ്റിയത്.