മാന്നാർ: വർഷങ്ങളായി വാടകവീട്ടിൽ താമസിച്ചിരുന്ന ചായംപറമ്പിൽ ഐഷാ ബീവിക്ക് സുമനസുകളുടെ സഹകരണത്തോടെ 'ചോരാത്ത വീട് ' പദ്ധതിയിൽ ഉൾപ്പെടുത്തി വീടൊരുങ്ങുന്നു. മാന്നാർ പഞ്ചായത്ത് അഞ്ചാം വാർഡിൽ മുക്കാൽ സെന്റിലാണ് രണ്ട് കിടപ്പുമുറിയും അടുക്കളയും മറ്റ് സൗകര്യങ്ങളോടും കൂടിയ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
മുമ്പ് സഹോദരിയോടൊപ്പം വാടകവീട്ടിൽ കഴിഞ്ഞിരുന്ന ഐഷാബീവി, ഒരു മാസം മുമ്പ് സഹോദരി മരണമടഞ്ഞതോടെ ആശ്രയമില്ലാത്ത അവസ്ഥയിലാണ്. നേരത്തെ വീട്ടുജോലികൾ ചെയ്ത് നിത്യവൃത്തി കഴിഞ്ഞിരുന്ന ഐഷാബീവി പ്രായാധിക്യവും വിവിധ രോഗങ്ങളും നിമിത്തം ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. സഹോദരിയുടെ മകളാണ് ഇപ്പോൾ കൂട്ടിനുളളത്. ഇവരുടെ ദയനീയതയറിഞ്ഞ് വീട് നിർമ്മിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നും റമദാൻ മാസത്തിൽത്തന്നെ വീടുപണി പൂർത്തിയാക്കാൻ സാധിക്കുമെന്നും പദ്ധതി ചെയർമാൻ കെ.എ. കരിം പറഞ്ഞു.