photo

ആലപ്പുഴ : 'ഇത്തവണ വോട്ട് രേഖപ്പെടുത്തും" മിമിക്രിയിലും ചലച്ചിത്ര രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ആലപ്പി അഷ്റഫ് ഉറപ്പിച്ച് പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം പല തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും കന്നിവോട്ടും അന്നത്തെ ആവേശവും ഒട്ടും ചോരാതെ മനസിൽ പച്ചപിടിച്ചു നിൽക്കുകയാണ്.

1977 ൽ എസ്.ഡി.വി സ്കൂളിലാണ് കന്നിവോട്ട് ചെയ്തത്. പ്രായപൂർത്തിയായ പൗരനെന്ന അഭിമാനം നിറഞ്ഞു നിന്ന നിമിഷം. വോട്ടെടുപ്പിന്റെ തലേന്നാൾ തൊട്ടേ മുന്നൊരുക്കം തുടങ്ങി. ബൂത്തിലെ ആദ്യത്തെ വോട്ട് ചെയ്യണമെന്നായിരുന്നു അഷ്റഫിന്റെ ആഗ്രഹം. പക്ഷേ, രാവിലെ കൂട്ടുകാരുമൊന്നിച്ച് പോളിംഗ് ബൂത്തിലെത്തിയപ്പോൾ കണ്ടത് നീണ്ട ക്യൂ. കന്നിവോട്ട് രേഖപ്പെടുത്തിയ ആൾ വിജയിച്ചെങ്കിലും പ്രതിപക്ഷത്തായത് ചെറുതായി വിഷമിപ്പിച്ചു. വി.എം.സുധീരനാണ് അഷ്റഫ് തന്റെ കന്നിവോട്ട് ചെയ്തത്. സുധീരൻ ജയിച്ചെങ്കിലും ഭരണം കോൺഗ്രസിന് നഷ്ടമായി.

സുധീരനായി തന്റേതായ രീതിയിൽ പ്രചാരണവും അന്ന് അഷ്റഫ് നടത്തിയിരുന്നു. സുധീരന്റെ ചിഹ്നമായ പശുവും കിടാവും ബൈക്കിന്റെ പിന്നിലെ ചേറുതാങ്ങിയിൽ ഒട്ടിച്ചായിരുന്നു അഷ്റഫിന്റെ സഞ്ചാരം. സിനിമാ തിരക്കുകളെത്തുടർന്ന് ചെന്നൈയിലായിരുന്നു പിന്നീട് താമസം.

രാഷ്ട്രീയ പശ്ചാത്തലത്തിൽ 'എന്റെ മുഖ്യമന്ത്രി " എന്ന പേരിൽ ഒരു സിനിമ ആലപ്പി അഷ്റഫ് ചെയ്തിരുന്നു.

പ്രേംനസീർ മുഖ്യമന്ത്രിയായും തിലകൻ പ്രതിപക്ഷനേതാവുമായും വേഷമിട്ട ഈ സിനിമ ശ്രദ്ധിക്കപ്പെടാൻ കാരണം കേരളകൗമുദിയിൽ വന്ന ഒരു വാർത്തയാണെന്ന് ആലപ്പി അഷ്റഫ് ഓർക്കുന്നു. സർക്കാരിനെതിരെ പ്രതിപക്ഷനേതാവ് തിലകൻ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന രംഗം സിനിമയിലുണ്ടായിരുന്നു. ഈ 'സമരത്തിന്റെ" വാർത്ത ചിത്രത്തോടു കൂടി അന്ന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചത് ശ്രദ്ധിക്കപ്പെട്ടു. അന്ന് മുഖ്യമന്ത്രി കരുണാകരനായിരുന്നു. സെക്രട്ടേറിയറ്റിൽ സിനിമ ചിത്രീകരിക്കുന്നതിന് സർക്കാർ അനുവാദം പെട്ടെന്നൊന്നും കിട്ടാത്ത കാലമായിരുന്നു അത്.