photo

ആലപ്പുഴ: പ്രായപൂർത്തി വോട്ടവകാശം ആദ്യമായി വിനിയോഗിച്ചത് കണിച്ചുകുളങ്ങര ദേവസ്വത്തിലേക്ക് നട‌ന്ന തിരഞ്ഞെടുപ്പിലാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവുമായ പ്രീതി നടേശൻ പറഞ്ഞു.

'ഇതിനുശേഷമാണ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കണിച്ചുകുളങ്ങര സ്കൂളിൽ കന്നി വോട്ട് രേഖപ്പെടുത്തിയത്. സ്ഥാനാർത്ഥി ആരായിരുന്നുവെന്ന് ഓർക്കുന്നില്ലെങ്കിലും ആ വോട്ടും പാഴായില്ല. 18 വയസ് പൂർത്തിയായവർക്ക് മാത്രമാണ് കണിച്ചുകുളങ്ങര ദേവസ്വം ഭരണസമിതി തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്. ദേവസ്വത്തിലേക്ക് ഞാൻ വോട്ടു ചെയ്ത വർഷം നടേശൻ ചേട്ടന്റെ പാനൽ വിജയിച്ചു. പിന്നീട് 52 വർഷമായി ആ പാനൽ തന്നെ വിജയിക്കുന്നു.

പൊതു തിരഞ്ഞെടുപ്പുകളിൽ കണിച്ചുകുളങ്ങര സ്കൂളിലെ ബൂത്തിൽ വോട്ടർമാർ കുറവുള്ള സമയം നോക്കി നടേശൻ ചേട്ടനോടൊപ്പം എത്തി ക്യൂ നിൽക്കാതെ വോട്ട് ചെയ്തു മടങ്ങുകയാണ് പതിവ്. ഒരിക്കൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ നല്ല ക്യൂ. ഞങ്ങൾ സ്കൂൾ വരാന്തയിൽ നിന്നു. ക്യൂവിൽ നിന്ന വോട്ടർമാർ വോട്ട് ചെയ്യാൻ ഞങ്ങളോട് അഭ്യർത്ഥിച്ചെങ്കും ആളൊഴിഞ്ഞപ്പോഴാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്യുന്നതിനെപ്പറ്റിയും നാട്ടുകാര്യങ്ങളുംകൂടുതലായി അറിയുന്നത് വിവാഹിതയായി വെള്ളാപ്പള്ളിയിൽ എത്തിയശേഷമാണ്.

അച്ഛനും അമ്മയും പറയുന്നത് മാത്രം കേട്ട് വീട്ടിൽ ഒതുങ്ങിക്കൂടി കഴിഞ്ഞതിനാൽ ലോക വിവരങ്ങൾ കുറവായിരുന്നു. ഞാൻ നഴ്സറി മുതൽ പി.ഡി.സി വരെ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്. കായംകുളം സെന്റ് മേരീസ് സ്കൂളിൽ അഞ്ചാം ക്ളാസിൽ പഠിക്കുന്ന കാലത്താണ് വിമോചന സമരം നടന്നത്. അന്ന് രാഷ്ട്രീയം എന്താണെന്ന് അറിയില്ല. കായംകുളത്ത് ആർ.ശങ്കർ പങ്കെടുക്കുന്ന സമ്മേളനത്തിൽ സ്കൂളിൽ നിന്ന് ഞങ്ങളെ അന്ന് ജാഥയായി കൊണ്ടുപോയി. തെക്ക് തെക്കോരു ദേശത്ത്, ഭർത്താവില്ലാ നേരത്ത്, ഫ്ളോറിയെന്ന സ്ത്രീയെ, വെടിവച്ചു കൊന്ന സർക്കരേ, മാപ്പില്ലാ മാപ്പില്ലാ എന്ന മുദ്രാവാക്യം ഞാനും ഏറ്റുചൊല്ലിയത് ഇന്നും ഓർക്കുന്നു. എന്തിനാണ് വേണ്ടിയാണെന്നും ആർക്ക് വേണ്ടിയാണെന്നും മുദ്രാവാക്യം വിളിച്ചതെന്ന് അറിയില്ല. ചെറുപ്പത്തിന്റെ ആവേശമായിരുന്നിരിക്കാം. പിന്നീട് രാഷ്ട്രീയ പാർട്ടികളുടെ ജാഥകളിൽ പങ്കെടുത്തിട്ടില്ല.

വലിയ കയർവ്യവസായി ആയിരുന്ന അച്ഛൻ കോൺഗ്രസുകാരനായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് എത്തുമ്പോൾ എല്ലാ പാർട്ടികളുടെയും നേതാക്കൾ വീട്ടിൽ വരും. ഇ.എം.എസ് വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. അന്ന് ചെറുപ്പക്കാരനായിരുന്ന വി.എസിനൊപ്പമായിരുന്നു ഇ.എം.എസ് എത്തിയതെന്ന് ഓർക്കുന്നു. ആർ.ശങ്കർ, എ.കെ.ഗോപാലൻ, കെ.ആർ.ഗൗരിഅമ്മ, ടി.വി.തോമസ് തുടങ്ങി നിരവധി പ്രമുഖർ എത്തിയതും ഓർമ്മയിലുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും നടേശൻ ചേട്ടനും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം കണിച്ചുകുളങ്ങര സ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തും'- പ്രീതി നടേശൻ പറഞ്ഞു.