ചാരുമൂട് : ആവേശം നിറഞ്ഞുനിന്ന ചെറുപ്പകാലത്തെ തിരഞ്ഞെടുപ്പ് ഓർമ്മകൾ പൊടിതട്ടിയെടുക്കുകയാണ് സാംസ്കാരിക പ്രവർത്തകനായ ചുനക്കര ജനാർദ്ദനൻ നായർ.
'1952 ലെ തിരുക്കൊച്ചി തിരഞ്ഞെടുപ്പ്. ഭരണിക്കാവ് ആയിരുന്നു ഞങ്ങളുടെ മണ്ഡലം. വോട്ട് ചെയ്ത സ്ഥാനാർത്ഥിയെ ജനങ്ങൾ കാണുന്നത് വിജയത്തിനുശേഷം! അന്ന് ഓരോ സ്ഥാനാർത്ഥിക്കും ഓരോ പെട്ടിയാണ്. 'ആനപ്പെട്ടിക്ക് വോട്ടു കൊടുക്കുക' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് വീട് വീടാന്തരം കയറിയിറങ്ങി സ്ക്വാഡ് വർക്ക് നടത്തുന്നത്. മുതിർന്ന പ്രവർത്തകരോടൊപ്പം 12 വയസുകാരനായ ഞാനും രാത്രിയിൽ ചൂട്ടും കത്തിച്ചു നടക്കുമ്പോഴും എം.എൻ.ഗോവിന്ദൻനായർ എന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയെ ഞങ്ങളിൽ പകുതിയിൽ അധികം പേരും കണ്ടിട്ടില്ല. ഇന്നത്തെ പോലെ പോസ്റ്ററുകളോ ചുവരെഴുത്തോ ഇല്ല. പ്രധാന പ്രചാരണം വീട് വീടാന്തരം കയറിയിറങ്ങിയുള്ള വർക്കായിരുന്നു. ഓരോ വീടും തമ്മിൽ ചിലപ്പോൾ കിലോമീറ്ററുകൾ ദൂരം കാണും. അതിനാലാണ് രാത്രിയിലേക്ക് ചൂട്ട് കെട്ടുകൾ തയ്യാറാക്കി വയ്ക്കുന്നത്.
ശൂരനാട് സംഭവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തവർ അദ്ദേഹത്തെ കണ്ടത് ഫലം വന്ന് ദിവസങ്ങൾക്കുശേഷം. ഒരിക്കൽ പോലും പ്രചാരണത്തിന് ഇറങ്ങാത്ത എം.എൻ തിരുക്കൊച്ചിയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചു നടന്ന ആ തിരഞ്ഞെടുപ്പിൽ കൊല്ലമായിരുന്നു ഞങ്ങളുടെ ലോക്സഭ മണ്ഡലം. അവിടെ ആർ.എസ്.പി ടിക്കറ്റിൽ മത്സരിച്ച ശ്രീകണ്ഠൻനായർ വിജയിച്ചു. പ്രജാ സോഷ്യലിസ്ററ് പാർട്ടിയുടെ പട്ടം താണുപിള്ള മുഖ്യമന്ത്രി ആയി. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പനമ്പിള്ളി ഗോവിന്ദമേനോൻ മുഖ്യമന്ത്രിയായി. തോപ്പിൽ ഭാസി ആയിരുന്നു അന്ന് ഭരണിക്കാവ് മണ്ഡലത്തിൽ വിജയിച്ചത്'- ചുനക്കര ഓർക്കുന്നു.
.