pkl-1

പൂച്ചാക്കൽ: കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് തവളച്ചാട്ടം പോലെയാണ് നേതാക്കൾ പോകുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. ആലപ്പുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തൃച്ചാറ്റുകുളത്ത് സംസാരിക്കുകയായിരുന്നു അവർ.

രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിത്. മതേതരത്വം എന്ന വാചകം ഭരണഘടനയിൽ നിന്ന് ഒഴിവാക്കാനാണ് മോദി ശ്രമിക്കുന്നത്. ബി.ജെ.പി സർക്കാർ മനുസ്മൃതിയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ഇവർ ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്നില്ല. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളും സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുകയാണ്: കൂടുതലും മതന്യൂനപക്ഷങ്ങളാണ്. കാശ്മീരിൽ അഞ്ച് വയസുകാരിയെ ആക്രമിച്ചു. ആ അക്രമികളെ സംരക്ഷിക്കാനാണ് ഇവർ ശ്രമിച്ചത്. ഡൽഹിയിലും ഉത്തർപ്രദേശിലും കോൺഗ്രസ് മതേതര വോട്ട് ഭിന്നിപ്പിക്കുകയാണെന്നും വൃന്ദാ കാരാട്ട് പറഞ്ഞു. അരൂർ മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് എം.കെ. ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. മനു സി.പുളിക്കൽ, കെ.രാജപ്പൻ നായർ, പി.എം. പ്രമോദ്, ആർ. പത്മകുമാർ, ആർ. നാസർ, കെ.കെ. പ്രഭാകരൻ, എൻ.ആർ. ബാബു രാജ്, ടി. ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.