# സർവ്വീസ് നടന്നത് 110 ദിവസം മാത്രം
പൂച്ചാക്കൽ: പെരുമ്പളം ദീപ് നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഉദ്ഘാടന മാമാങ്കം നടത്തി ആരംഭിച്ച പെരുമ്പളം - പൂത്തോട്ട ജങ്കാർ സർവ്വീസ് നിലച്ചു. 2018 ഡിസംബർ17 നാണ് ഈ റൂട്ടിൽ സർവ്വീസ് ആരംഭിച്ചത്.
പെരുമ്പളം പഞ്ചായത്ത് ലേല നടപടികൾ നടത്താതെ സർക്കാർ അധീനതയിലുള്ള കിൻകോയെ (കേരള ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ) സർവ്വീസ് നേരിട്ട് ഏൽപിക്കുകയായിരുന്നു. കിൻകോയുടെ ഉടമസ്ഥതയിലുള്ള ജങ്കാറാണ് ഇത്. നഷ്ടത്തിൻറെ പേരിൽ മാർച്ച് 31ന് കിൻകോ സർവ്വീസ് അവസാനിപ്പിച്ചു. തുടർന്ന് ജങ്കാർ ജീവനക്കാർ ചേർന്ന് പ്രതിദിനം 13,500 രൂപ വാടക നിരക്കിൽ ജങ്കാർ ഏറ്റെടുത്തെങ്കിലും ദിവസം 4,000 രൂപ വീതം നഷ്ടമുണ്ടായതോടെ ആറു ദിവസത്തിനു ശേഷം അവരും കൈയൊഴിഞ്ഞു.
പൂത്തോട്ട വഴി പെരുമ്പളത്ത് കെട്ടിട നിർമ്മാണ വസ്തുക്കളും മറ്റുമായി വരുമ്പോൾ പാണാവള്ളി വഴി വരുന്നതിനെക്കാൾ ഒരു ടിപ്പറിൽ 700 രൂപയോളം ലാഭം ജങ്കാർ മൂലം ഉപഭോക്താക്കൾക്ക് ലഭിക്കുമായിരുന്നു. ജങ്കാർ സർവ്വീസ് നഷ്ടമാണെന്ന വാദം നാട്ടുകാർ അംഗീകരിക്കുന്നില്ല. ഒന്നോ രണ്ടോ സർവ്വീസ് ഒഴികെ നല്ല തിരക്ക് എല്ലായ്പോഴും കാണുമെന്നും ഇവർ വാദിക്കുന്നു. ഒന്നേകാൽ കോടി രൂപ ചെലവിട്ട് പെരുമ്പളത്തും പൂത്തോട്ടയിലും രണ്ട് ജങ്കാർജെട്ടികളുടെ നിർമ്മാണം പൂർത്തിയാക്കി ഒരു വർഷത്തിലേറെയായിട്ടും ഇതുവരെ തൃപ്തികരമായി സർവ്വീസ് നടത്താൻ പഞ്ചായത്തിന് സാധിച്ചിട്ടില്ല. വിവാഹങ്ങളുടെയും ഉത്സവങ്ങളുടെയും കാലമായതിനാൽ സർവ്വീസ് നിറുത്തിവച്ചത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ജങ്കാർ സർവ്വീസ് മുന്നിൽക്കണ്ട് പൂത്തോട്ട, ഉദയംപേരൂർ തുടങ്ങിയ സ്ഥലങ്ങളിലെെ മണ്ഡപങ്ങളിലും മറ്റും വിവാഹം നിശ്ചയിച്ചവരും പ്രതിസന്ധിയിലായി.
..................................................
'സർക്കാരിന്റെ ഇടപെടൽ ഉണ്ടായാൽ മാത്രമേ ജങ്കാർ സർവ്വീസ് പുന:രാരംഭിക്കാനാവൂ. പാണാവളളി-പെരുമ്പളം റൂട്ടിൽ സർവ്വീസ് നടത്തന്നത് പഞ്ചായത്താണ്. ഇതു പോലെ ഈ റൂട്ടിലും നടത്താനുള്ള സാമ്പത്തിക ശേഷി പഞ്ചായത്തിനില്ല'
(കെ.എസ് ഷിബു, പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്)