അമ്പലപ്പുഴ : അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം ചെറുകിട ഫാക്ടറികളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. വൻ നഷ്ടമാണ് ദിവസേന ഉണ്ടാകുന്നതെന്ന് ഉടമകൾ പറയുന്നു.
പുന്നപ്ര വാടയ്ക്കൽ ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന ചെറുകിട ഫാക്ടറികളുടെ പ്രവർത്തനമാണ് പ്രതിസന്ധിയിലായത്. അറ്റകുറ്റപ്പണികൾക്കായി മണിക്കൂറുകളോളം വൈദ്യുതി ലൈൻ ഒഫ് ചെയ്യുന്നതു കൂടാതെ ദിവസത്തിന്റെ മറ്റ് സമയങ്ങളിലും വൈദ്യുതി മുടങ്ങും. ഫാക്ടറികളുടെ പ്രവർത്തനത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ വൈദ്യുതി മുടക്കത്തെ തുടർന്ന് പാഴാകുന്ന അവസ്ഥയുണ്ട്. മാത്രമല്ല, ഫാക്ടറി പ്രവർത്തിച്ചില്ലെങ്കിലും തൊഴിലാളികൾക്ക് വേതനം നൽകുകയും വേണം.
പ്ലാസ്റ്റിക്, പെയിന്റ്, കയർ, പശ തുടങ്ങി വിവിധ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന 60 ഓളം ചെറുകിട ഫാക്ടറികളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് 25 ഓളം ഫാക്ടറികൾ ഇവിടെ നിന്നും കുമളിയിലേക്കും പെരുമ്പാവൂരിലേക്കും മാറ്റി സ്ഥാപിച്ചു. ഇപ്പോൾ പ്രവർത്തിക്കുന്ന ഫാക്ടറികളിൽ പലതും മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഉടമകൾ. ഇങ്ങനെ വന്നാൽ നിരവധി പേർക്ക് തൊഴിൽ നഷ്ടമാകും.