# മൂന്നു പതിറ്റാണ്ടായി വീയപുരം പൊലീസ് വാടക കെട്ടിടത്തിൽ
ഹരിപ്പാട്: വാടകക്കെട്ടിടങ്ങളിൽ മാറിമാറി 'ക്രമസമാധാനപാലനം' നടത്തി വീയപുരത്തെ പൊലീസുകാർ വലയുന്നു. സ്വന്തമായൊരു കെട്ടിടമെന്ന വീയപുരം പൊലീസിന്റെ സ്വപ്നം പ്രാവർത്തികമാക്കാൻ പ്രാഥമിക നടപടിയായെങ്കിലും 'മുറ'പോലെയുള്ള സർക്കാർ കാര്യം വിനയാവുകയാണ്.
1988 ലാണ് ഇവിടെ പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. വീയപുരം വെങ്കിട്ട വീട് വാടകയ്ക്കെടുത്തായിരുന്നു ആദ്യ പ്രവർത്തനം. ഡോ.കെ.സി.ജോസഫ് എം.എൽ.എ ആയിരിക്കെയാണ് സ്റ്റേഷന്റെ ഉദ്ഘാടനം അന്നത്തെ എസ്.പി മൈതീൻ കുഞ്ഞ് നിർവ്വഹിച്ചത്. തിരുവനന്തപുരം സ്വദേശി കരുണാകരൻ നായരായിരുന്നു ആദ്യ എസ്.എെ. പിന്നീട് വീയപുരം പടിഞ്ഞാറെ കരയിൽ നിന്നു കിഴക്കേക്കരയിലുള്ള ഏഴരപ്പറയിലെ വാടകക്കെട്ടിടത്തിലായി പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം. ഏതാനും വർഷങ്ങൾക്ക് ശേഷം വീണ്ടും പടിഞ്ഞാറേ കരയിലെ കോയിക്കലേത്ത് വീട് വാടകയ്ക്കെടുത്തു. ഇവിടെയാണ് ഇപ്പോൾ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കാലപ്പഴക്കം ചെന്ന വീട്ടിൽ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷൻ അസൗകര്യങ്ങളുടെ നടുവിലാണ്.
ആദ്യ കാലത്ത് കായംകുളം ഡിവൈ.എസ്.പിയുടേയും ഹരിപ്പാട് സർക്കിൾ ഇൻസ്പെക്ടറുടെയും പരിധിയിലായിരുന്നു സ്റ്റേഷൻ. പിന്നീട് ചെങ്ങന്നൂർ ഡിവൈ.എസ്.പിയുടേയും മാന്നാർ സർക്കിൾ ഇൻസ്പെക്ടറുടേയും പരിധിയിലായി. ഇവിടെ എത്തുന്നതിനുള്ള ദൂരവും സമയ നഷ്ടവും മറ്റ് യാത്രാ ക്ലേശങ്ങളും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയതോടെ വീണ്ടും ഹരിപ്പാട് സർക്കിൾ പരിധിയിലാക്കി. വീയപുരം, ചെറുതന ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് വീയപുരം പൊലീസ് സ്റ്റേഷൻ പരിധി.
# വസ്തു കർഷകസംഘം വക
മൂന്ന് പതിറ്റാണ്ടായി വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വീയപുരം പൊലീസ് സ്റ്റേഷനുവേണ്ടി വസ്തു ഏറ്റെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായെങ്കിലും കെട്ടിടം നിർമ്മാണവുമായി ബന്ധപ്പെട്ട് യാതൊന്നും ആരംഭിച്ചിട്ടില്ല. റവന്യു-പൊലീസ് അധികൃതർ സ്ഥലം സന്ദർശിച്ച് നടപടികൾ പൂർത്തിയാക്കി മടങ്ങി. തിരഞ്ഞെടുപ്പ് തിരക്കുകളിൽ ആയതിനാലാണ് മറ്റ് നടപടികൾ വേഗത്തിലാക്കാൻ കഴിയാത്തതെന്നാണ് അധികൃതർ പറയുന്നത്. പായിപ്പാട് ജലോത്സവം നടക്കുന്ന അച്ചൻ കോവിലാറിന്റെ ഓരത്താണ് പൊലീസ് സ്റ്റേഷനുവേണ്ടിയുള്ള കെട്ടിടം പണിയാൻ ഉദ്ദേശിക്കുന്നത്. കാരിച്ചാൽ കർഷക സംഘത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 30 സെന്റ് വസ്തുവാണ് ഇതിനായി കണ്ടെത്തിയത്. റവന്യു വകുപ്പ് സ്ഥലം ഏറ്റെടുത്ത് പൊലീസിന് കൈമാറുന്ന എഴുത്തുകുത്തുകൾ പൂർത്തിയായി. വീയപുരത്ത് പൊലീസ് സ്റ്റേഷൻ വരുന്നതിന് മുമ്പ് ഹരിപ്പാട് പൊലീസിന്റെ പരിധിയിലായിരുന്നു വീയപുരം, ചെറുതന പ്രദേശങ്ങൾ.