മാന്നാർ: ഐതിഹ്യ പെരുമ ഏറെയുള്ള മാന്നാറിലെ കുരട്ടിക്കാട് തൃക്കുരുട്ടി ശ്രീധർമ്മശാസ്താ ക്ഷേത്രത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ തൻമടിക്കുളത്തിൽ വിരിച്ച കയർ ഭൂവസ്ത്രം നശിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് കയർ ഭൂവസ്ത്രം വിരിച്ച് നാലു ചിറകളും സംരക്ഷിക്കുന്ന പദ്ധതി പൂർത്തീകരിച്ചത്.
പരമ്പരാഗതമായ ജലസ്രോതസാണിത്. 740 ജി.എസ്.എം ഗുണമേൻമയുള്ള കയർ ഉപയോഗിച്ചതിനാൽ മൂന്നു വർഷം പരിരക്ഷ ഉറപ്പാണെന്നായിരുന്നു അധികൃതരുടെ അവകാശവാദം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള മേജർ തൃക്കുരുട്ടി മഹാദേവക്ഷേത്രത്തിന്റെ കിഴക്കുവശത്താണ് കുളം സഥിതി ചെയ്യുന്നത്. എത്ര രൂക്ഷമായ വരൾച്ചയിലും ഇവിടെ ജലം വറ്റില്ല. കഴിഞ്ഞ പ്രളയത്തിനു ശേഷം മറ്റിടങ്ങളിൽ വെള്ളം ഇറങ്ങിയെങ്കിലും ആഴ്ചകൾക്കു ശേഷമാണ് ഈ കുളത്തിൽ ജലവിതാനം താഴ്ന്നത്. പതിറ്റാണ്ടുകളായി ഉപയോഗശൂന്യമായി കിടന്നിരുന്ന വിസ്തൃതമായ കുളം 2014-15ൽ കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് പുനരുദ്ധരിച്ചത്. ഉള്ളിൽ നിന്നു മണ്ണു നീക്കി നാലു വശവും താഴെ കരിങ്കൽ ഭിത്തി കെട്ടിയായിരുന്നു പുനരുദ്ധാരണം.
2018-19ൽ ആറാം വാർഡിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭൂവസ്ത്രം വിരിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ ദിനങ്ങൾ ലഭിച്ചതു മാത്രമായി നേട്ടം.
............................................................................
# 2131 ചതുരശ്ര മീറ്റർ
# ചെലവായത് 3.62 ലക്ഷം
# തൊഴിൽദിനങ്ങൾ 765
............................................................