ambalapuzha-news

അമ്പലപ്പുഴ: എൻജിൻ, വല ഉൾപ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന മത്സ്യഫെഡിന്റെ അമ്പലപ്പുഴയിലെ വ്യാസ സ്റ്റോർ രണ്ടു പതിറ്റാണ്ടായി പ്രവർത്തിക്കുന്നത് വളഞ്ഞവഴിയിലെ വാടകക്കെട്ടിടത്തിൽ. അമ്പലപ്പുഴ തെക്കു പഞ്ചായത്തിൽ മത്സ്യഫെഡിന് സ്വന്തമായുള്ള സ്ഥലത്ത് ജീർണ്ണാവസ്ഥയിലുള്ള ആഡിറ്റോറിയം പൊളിച്ചുനീക്കി വ്യാസ സ്റ്റോർ നിർമ്മിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസും ഇതിനു സമീപമാണ് പ്രവർത്തിക്കുന്നത്. തീരദേശത്ത് മത്സ്യത്തൊഴിലാളികൾക്ക് ഇത്രയും സൗകര്യപ്രദമായ സ്ഥലം ഉള്ളപ്പോഴാണ് വാടകക്കെട്ടിടത്തിൽ സ്റ്റോർ പ്രവർത്തിക്കുന്നത്. മാറിമാറി വന്ന സർക്കാരുകളൊക്കെ മത്സ്യത്തൊഴിലാളികളുടെ ആവശ്യം കണ്ടില്ലെന്നു നടിക്കുകയായിരുന്നു.