കുട്ടനാട്: കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ ഇനിയും തിരിച്ചുവരാതിരിക്കാൻ മതനിരപേക്ഷ കൂട്ടുകെട്ട് അനിവാര്യമാണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാവേലിക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി എടത്വയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സർക്കാർ കർഷകർക്ക് നൽകിയത് വെടിയുണ്ടകൾ മാത്രമാണ്. മദ്ധ്യപ്രദേശിൽ കർഷക റാലിക്കു നേരെ നടത്തിയ വെടിവയ്പ്പിൽ 5 പേരാണ് മരിച്ചത്. കോൺഗ്രസ് ഒരിക്കലും കേന്ദ്രത്തിൽ അധികാരത്തിൽ വരില്ല. രാജ്യത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാണ്. കോൺഗ്രസിനാകട്ടെ വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് എടുക്കാൻ സാധിച്ചിട്ടില്ല. മതനിരപേക്ഷത സംരക്ഷിക്കാൻ അവർക്ക് കഴിയില്ലെന്നും പിണറായി പറഞ്ഞു.
എൽ.ഡി.എഫ് കുട്ടനാട് മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ് കെ.ആർ. ഭഗീരഥൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയിക്കുട്ടി ജോസ്, എം.വി. ഗോവിന്ദൻ, ടി.പുരുഷോത്തമൻ, ഡോ. കെ.സി. ജോസഫ്, ആർ. നാസർ, പി.പ്രസാദ്, സജി ചെറിയാൻ എം.എൽ.എ, ടി.ജെ. ആഞ്ചലോസ്, സലിം പി.മാത്യു, കെ.എസ്. പ്രദീപ് കുമാർ, എ.മഹേന്ദ്രൻ, ജോസഫ് കെ.നെല്ലുവേലി, സി.കെ. സദാശിവൻ, കെ.ഡി. മോഹൻ തുടങ്ങിയവർ സംസാരിച്ചു