local-news-alappuzha

ആലപ്പുഴ:എക്സൈസും പൊലീസും പരിശോധന ശക്തമാക്കിയതോടെ ജില്ലയിൽ കഞ്ചാവ് മാഫിയ കളംമാറ്റി ചവിട്ടി. സ്ത്രീകളെ ഇടനിലക്കാരാക്കിയാണ് ഇപ്പോൾ കഞ്ചാവ് വില്പന. തിരഞ്ഞെടുപ്പ് അടുത്തതോടെ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന ശക്തമാക്കിയതോടെ നിരവധി പേരാണ് കഞ്ചാവ് വില്പനക്കിടെ കുടുങ്ങിയത്. ആലപ്പുഴ, തോട്ടപ്പള്ളി, വലിയഴീക്കൽ ബീച്ചുകൾ, കായംകുളം പ്രദേശങ്ങളിലാണ് സ്ത്രീകൾ കഞ്ചാവ് മാഫിയയുമായി ചേർന്ന് പ്രവർത്തിക്കുന്നത്. ഉയർന്ന പ്രതിഫലം മുന്നിൽ കണ്ടാണ് വീട്ടമ്മമാരും വിദ്യാർത്ഥിനികളുമടക്കം കഞ്ചാവ് മാഫിയയുടെ കണ്ണികളായിട്ടുള്ളത്.

അന്യസംസ്ഥാനങ്ങളിൽ നിന്ന് വലിയതോതിലെത്തിക്കുന്ന കഞ്ചാവ് ചെറുകിട കച്ചവടക്കാർക്ക് എത്തിക്കുന്നതിനും മൊബൈൽ ഫോൺ വഴി ബന്ധപ്പെടുന്ന കസ്റ്റമേഴ്സിന് കഞ്ചാവ് എത്തിച്ചു കൊടുക്കാനുമാണ് സ്ത്രീകളെ ഉപയോഗിക്കുന്നത്. സ്‌കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അന്യസംസ്ഥാന തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥലങ്ങൾ, ബീച്ചുകൾ, റിസോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയയുടെ പ്രവർത്തനം. ഒറ്റനോട്ടത്തിൽ സംശയം തോന്നാത്തതിനാൽ കഞ്ചാവ് മാഫിയയുടെ കാരിയർമാരായ സ്ത്രീകൾ എക്സൈസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടും. ഇങ്ങനെ പ്രവർത്തിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. ധൻബാദ് - ആലപ്പുഴ എക്സ്‌പ്രസ് വഴിയാണ് ജില്ലയിലേക്ക് ആന്ധ്രയിൽ നിന്ന് വലിയ തോതിൽ കഞ്ചാവ് എത്തുന്നത്. കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ എക്‌സൈസ് വകുപ്പ് നടത്തിയ 2916 പരിശോധനകളിൽ 470 പേരെയാണ് പിടികൂടിയത്. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നത് രക്ഷകർത്താക്കളെയും അദ്ധ്യാപകരെയും ആശങ്കയിലാക്കുന്നു.

എക്സൈസ് പരിശോധന

 മിന്നൽ പരിശോധനകൾ: 2916

 പിടിയിലായവർ: :470

അബ്കാരി കേസ്: 315

എൻ.ഡി.പി.എസ്: 188

പിടികൂടിയ വാഹനം: 34

കോട്പ കേസുകൾ: 1056

പിഴയീടാക്കിയ തുക: 211200 രൂപ

രാസപരിശോധനയ്ക്ക് അയച്ച കള്ള്: : 749 ലിറ്റർ

പിടിയിലായ 'ലഹരിക്കണക്ക്"

കഞ്ചാവ്- 16.246 കിലോ, നൈട്രോസെഫാം ഗുളികകൾ- 2576,സ്പിരിറ്റ് -അര ലിറ്റർ, ചാരായം 78 ലിറ്റർ, വിദേശമദ്യം- 454 ലിറ്റർ, കോട- 4455 ലിറ്റർ,കള്ള്- 339 ലിറ്റർ,ഗോവൻ മദ്യം- 10.5 ലിറ്റർ, ബിയർ- 26 ലിറ്റർ, അരിഷ്ടം- 182 ലിറ്റർ,പുകയില ഉത്പന്നങ്ങൾ - 1070 കിലോ, ഹാൻസ് - -930 പാക്കറ്റ്.