ചാരുംമൂട്: പാലമേൽ പഞ്ചായത്ത് കാവുംപാട് വാർഡിലെ രണ്ടുതുണ്ടിൽ സെന്റിൽമെൻറ് കോളനിയിലുള്ള പൊതു കിണറ്റിൽ നിന്ന് ഏതാനും വീട്ടുകാർ പമ്പ് ഉപയോഗിച്ച് വെള്ളമൂറ്റുന്നുവെന്ന് പരാതി.
കോളനി നിവാസികളുടെ പൊതു ആവശ്യം നിറവേറ്റാനായി രണ്ടു കിണറുകളാണ് ഇവിടെ പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ളത്. വീടിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ ടാങ്കിലേക്കാണ് ചില വീട്ടുകാർവെള്ളം അടിച്ചു കയറ്റുന്നത്. അൻപതോളം വീടുകൾ കോളനിയിലുണ്ട്. ബഹുഭൂരിപക്ഷം പേർക്കും തൊണ്ടനനയ്ക്കാൻ ഒരു തുള്ളി വെള്ളം പോലും കിട്ടാനില്ലെന്നാണ് പരാതി. പൊതു കിണറ്റിലെ വെള്ളം എല്ലാവർക്കും തുല്യമായി ലഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് കോളനിവാസികളുടെ ആവശ്യം.