ചാരുംമൂട്: ഇടപ്പോൺ, പടനിലം, തത്തംമുന്ന പ്രദേശവാസികൾക്ക് നൂറനാട്ടേക്ക് വേഗമെത്താവുന്ന ചെമ്പകശേരി മുക്ക് - കുഴിയത്ത് റോഡ് തകർന്നു തരിപ്പണമായി അഞ്ചുവർഷം കഴിഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല.
പാലമേൽ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡായ മുതുകാട്ടുകരയിൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന റോഡാണിത്. മൂന്നു വർഷം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനം തുടങ്ങുകയും 140 മീറ്റർ നീളത്തിൽ മെറ്റലിംഗ് പൂർത്തീകരിക്കുകയും ചെയ്തു.
റോഡുപണിയിൽ അപാകതയുണ്ടെന്നു കാട്ടി സമീപവാസി ബ്ലോക്ക് പഞ്ചായത്തിൽ പരാതിയുമായി എത്തിയതോടെ പണി അവസാനിപ്പിച്ച് കരാറുകാരൻ സ്ഥലം വിട്ടു. ചെയ്ത പണിയുടെ പണം കിട്ടാനുണ്ടന്ന് കരാറുകാരൻ പറയുന്നു.
ഈ റോഡിനോടുള്ള പഞ്ചായത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് സന്നദ്ധ സംഘടനകളുടെ നിരന്തര സമരങ്ങളെത്തുടർന്ന്, 280 മീറ്റർ മാത്രം നീളമുള്ള റോഡ് പുനർ നിർമ്മിക്കാൻ 6 മാസം മുമ്പ് പഞ്ചായത്ത് 6.2 ലക്ഷം അനുവദിച്ചെങ്കിലും കരാറുകാരനെ കിട്ടാത്തത് വിനയാവുകയായിരുന്നു.
...........................................
'പഞ്ചായത്ത് തുക അനുവദിച്ചെങ്കിലും റോഡിന്റെ പണി ഏറ്റെടുക്കാൻ കരാറുകാരനെ കിട്ടാനില്ല. എത്രയും വേഗം റോഡ് നിർമ്മാണം പൂർത്തിയാക്കാൻ പരിശ്രമിക്കും'
(സോമലത, വാർഡംഗം)