കുട്ടനാട്: തിരഞ്ഞെടുപ്പ് രംഗം കടുത്ത മത്സരങ്ങളുടെ മാത്രം വേദിയായപ്പോൾ സൗഹൃദ ഭാവം എവിടെയോ മറഞ്ഞുവെന്ന് ചക്കുളത്തുകാവ് മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പറയുന്നു.
'മൂല്യാധിഷ്ഠിതവും ആരോഗ്യപരവുമായ മത്സരവും എതിരാളിയെ ആദരവോടെ നേരിടുന്ന സമീപനവുമായിരുന്നു പണ്ടുണ്ടായിരുന്നത്. മത്സരാർത്ഥികൾ ഒരുമിച്ച്
വോട്ട് ചോദിച്ച് വീടുകളിൽ വന്നിട്ടുള്ള സന്ദർഭങ്ങൾ ഞാൻ ഓർക്കുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തന സമയത്ത് സ്ഥാനാത്ഥികൾ ഒന്നിച്ചു നടക്കുന്നതും കാപ്പികുടിക്കുന്നതും പണ്ടൊക്കെ കാണാമായിരുന്നു. ഇന്ന് അതില്ല. ഇന്ന് വിജയത്തിനായി അപ്രായോഗികമായ വാഗ്ദാനങ്ങൾ പോലും നിരത്താൻ ചിലരെങ്കിലും മടിക്കുന്നില്ല. അധികാരമല്ല, അധികാരത്തിനു വേണ്ടിയുള്ള മത്സരമാണ് പ്രധാനം എന്നാണ് നാം ഒാർക്കേണ്ടത്. സ്വാർത്ഥ രഹിതമായി ജനസേവന വീക്ഷണമുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാനാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ജാതിയുടേയോ മതത്തിന്റെയോ വർഗത്തിന്റെയോ വർണ്ണത്തിന്റെയോ അടിസ്ഥാനത്തിൽ നാം വോട്ട് വിനിയോഗിക്കാൻ പാടില്ല. മറിച്ച്, മഹത്തായ വ്യക്തിത്വങ്ങളെയാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ എത്തിക്കേണ്ടത്. ജാതിമത ഭേദമില്ലാതെ ജനങ്ങൾക്ക് ഒരുപോലെ ആനുകൂല്യങ്ങളും സഹായങ്ങളും എത്തിക്കാൻ ജനപ്രതിനിധികൾക്ക് കഴിയണം. കഷ്ടപ്പെടുന്ന എല്ലാവർക്കും സാമ്പത്തിക പിന്നാക്കാവസ്ഥ മാനദണ്ഡമാക്കി ആനുകൂല്യങ്ങളും സഹായങ്ങളും എത്തിക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ശ്രദ്ധിക്കേണ്ടതാണ്. പേടി കൂടാതെ ജീവിക്കാൻ കഴിയുന്ന തരത്തിലുള്ള സുരക്ഷിതത്വം ജനങ്ങൾക്ക് ഉറപ്പാക്കുകയും വേണം'- രാധാകൃഷ്ണൻ നമ്പൂതിരി പറഞ്ഞു.