photo

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ദേശീയ രാഷ്ട്രീയത്തിൽനിന്ന് സി.പി.എം അപ്രസക്തമാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മാവേലിക്കര മാങ്കാംകുഴിയിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ വിശ്വാസികൾക്കൊപ്പമാണ് കോൺഗ്രസ് നിലകൊണ്ടത്. എന്നാൽ ആർ.എസ്.എസും ബി.ജെ.പിയും വിശ്വാസികളെ തെരുവിലിറക്കി കലാപം നടത്താനാണ് ശ്രമിച്ചത്. റിവ്യൂ പെറ്റിഷൻ നൽകാതെ സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും പ്രശ്‌നം ആളിക്കത്തിക്കാൻ ശ്രമിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ ബി.ജെ.പി ഭരണം രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മതേതര സർക്കാർ അധികാരത്തിൽ വരേണ്ടത് അനിവാര്യമാണന്നും മുല്ലപ്പള്ളി പറഞ്ഞു. മുസ്ലിം ലീഗ് തഴക്കര മണ്ഡലം വൈസ് പ്രസിഡന്റ് ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ, കോശി എം.കോശി, എബി കുര്യാക്കോസ്, കെ.സണ്ണിക്കുട്ടി, തോമസ് സി.കുറ്റിശേരി, സുരേഷ്‌കുമാർ കളീക്കൽ, ജി.വേണു, ഫസൽ അലിഖാൻ, എം.ആർ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.