photo

 കൊയ്തെടുത്ത നെല്ല് മഴ നനഞ്ഞ് കിളിർക്കുമോയെന്ന ആശങ്കയിൽ കർഷകർ

ആലപ്പുഴ: അപ്രതീക്ഷിതമായി പെയ്തിറങ്ങിയ വേനൽമഴ കുട്ടനാട്ടിലെ കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. സംഭരണം പൂർത്തിയാകാത്തതിനാൽ കുട്ടനാടൻ പാടശേഖരങ്ങളിൽ നെല്ല് കെട്ടിക്കിടക്കുന്നുണ്ട്. മഴയിൽ നനഞ്ഞ് നെല്ല് കിളിർക്കുമോയെന്ന ആശങ്കയിലാണ് കർഷകർ.

അടുത്ത രണ്ട് ദിവസം ഇടിയും മിന്നലോടും കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വിളവെടുപ്പ് പൂർത്തീകരിച്ച പാടശേഖരങ്ങളിലെ നെല്ല് സംഭരണം ഇഴഞ്ഞു നീങ്ങിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
രാമങ്കരി, ചമ്പക്കുളം കൃഷിഭവനുകളുടെെ പരിധിയിലുള്ള ചില പാടശേഖരങ്ങളിലാണ് നെല്ല് സംഭരണം വൈകുന്നത്. ചമ്പക്കുളം കൃഷിഭവൻ പരിധിയിൽപ്പെട്ട ഇല്ലിമുറി തെക്കേത്തൊള്ളായിരം പാടശേഖരത്തിൽ കഴിഞ്ഞ 11നാണ് വിളവെടുപ്പ് ആരംഭിച്ചത്. 1000 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിലെ വിളവെടുപ്പ് മൂന്നുനാലു ദിവസത്തിനുള്ളിൽ പൂർത്തിയായി. എന്നാൽ സംഭരണം ആരംഭിച്ചിട്ടില്ലാത്തതിനാൽ നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇവിടെ രണ്ടു ചെറുകിട മില്ലുകൾക്കാണ് സംഭരണച്ചുമതല. ഇവരുടെ ഗോഡൗൺ സൗകര്യത്തിന്റെ അപര്യാപ്തത മൂലമാണ് സംഭരണം വൈകിപ്പിക്കുന്നതെന്നാണ് കർഷകരുടെ പരാതി.

നാല് ലോഡ് നെല്ലു മാത്രമേ ഇവിടെ നിന്ന് മില്ലുകാർ കൊണ്ടുപോയിട്ടുള്ളൂ. ഇന്നലെ ഉച്ചമുതൽ കുട്ടനാട്ടിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വൈകിട്ട് നേരിയ മഴയുമുണ്ടായി. മഴപെയ്യുമ്പോൾ നെല്ല് നനയാതെ മൂടിയിടാനായി പാടശേഖരത്തിൽ കർഷകർ കാവലിരിക്കുകയാണ്. പ്രകൃതി കനിഞ്ഞുനൽകിയ നല്ല വിളവിന്റെ പ്രയോജനം തങ്ങൾക്ക് നഷ്ടമാകുമോയെന്നാണ് ഇവരുടെ ആശങ്ക. നെല്ല് സംഭരണം പൂർത്തിയായ പാടശേഖരങ്ങളിലെ കർഷകരാകട്ടെ ആശ്വാസത്തിലാണ്.