പണ്ടത്തെ ആമയുടെയും മുയലിന്റെയും കഥ പോലെയായിരിക്കുന്നു ആലപ്പുഴയുടെ തിരഞ്ഞെടുപ്പ് ഗോദ. പതുക്കെയായിരുന്നവർ ഒാടി ഒപ്പമെത്തിയിരിക്കുന്നു. ഇനി ആര് മുന്നിൽകയറുമെന്ന് നോക്കിയാൽ മതി. അതിനാണ് ആലപ്പുഴ കാത്തിരിക്കുന്നത്. എൽ.ഡി.എന്റെ എ.എം.ആരിഫാണ് ആവേശപൂർവം ആദ്യം ഓടിയത്. ആരിഫ് ബഹുദൂരം മുന്നിലെത്തിയതിനു ശേഷമാണ് യു.ഡി.എഫിന്റെ ഷാനിമോൾ സ്റ്റാർട്ടിംഗ് പോയിന്റിൽ എത്തിയതുതന്നെ. അപ്പോഴേക്കും ആരിഫ് മേൽക്കൈ നേടി മുന്നേറിയിരുന്നു. ഏറ്റവും ഒടുവിലെത്തിയ എൻ.ഡി.എയുടെ ഡോ.കെ.എസ്.രാധാകൃഷ്‌ണൻ ട്രിപ്പിൾ ജമ്പിൽ കുതിച്ചതോടെ മത്സരത്തിന് ത്രികോണ സ്വഭാവമായി.
പോളിംഗിന് മൂന്നു ദിവസം മാത്രം ശേഷിക്കെ ആലപ്പുഴയുടെ മനസ്സു പറയുന്നതും ആമയും മുയലും ഓട്ടത്തിൻെറ കഥയാണ്. ഫിനിഷിംഗ് പോയിന്റിൽ ആര് ആദ്യമെത്തുമെന്നാണ് എല്ലാവരും നോക്കിയിരിക്കുന്നത്. കെ.സി.വേണുഗോപാൽ തന്നെ വീണ്ടും മത്സരിക്കുമെന്ന കണക്കുകൂട്ടലിലാണ് ആരിഫിനെ സി.പി.എം ട്രാക്കിലിറക്കിയത്. പത്തു വർഷമായി ആലപ്പുഴയുടെ നായകനായി നിന്ന കെ.സി.വേണുഗോപാലിന് മുസ്ളിം വോട്ട് എന്നും തുണയായിരുന്നു. അതു പടിക്കാനാണ് എൽ.ഡി.എഫ് ആരിഫിനെ ഇറക്കിയത്. കെ.ആർ.ഗൗരിഅമ്മയെ അരൂർ നിയമസഭാ മണ്ഡലത്തിൽ തോൽപ്പിച്ച് ഇടതു കാലിലൂന്നി വിജയത്തിൻെറ വലതുകാൾ വച്ചതോടെ ആരിഫ് ആലപ്പുഴയുടെ താരമായി
അടുത്ത രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം വിട്ടുകൊടുക്കാതെ മുറുകെപ്പിടിച്ചതോടെ ആരിഫ് മിന്നും താരമായി. അതിൻെറ പകിട്ടുമായാണ് ആരിഫിനെ സി.പി.എം ആലപ്പുഴ പാർലമെന്റ് മണ്ഡലം പിടിക്കാൻ ഇറക്കിയത്. പക്ഷേ, കെ.സി.വേണുഗോപാൽ മത്സരരംഗത്തു നിന്ന് പിന്മാറിയതോടെ സി.പി.എമ്മിൻെറ കളി പാളി. സി.പി.എം കളിച്ച അതേ ട്രാക്കു തന്നെ കോൺഗ്രസും പിടിച്ചു. ആരിഫിന് എതിരെ ഓടാൻ ഷാനിമോളെ ഇറക്കി. അപ്പോഴും ആലപ്പുഴക്കാർ തലകുലുക്കി സമ്മതിച്ചു- ആരിഫ് തന്നെ മുന്നിൽ. തങ്ങൾക്ക് ഉറപ്പുള്ള സീറ്റുകളിലൊന്നെന്ന് സി.പി.എമ്മും ആഹ്ളാദിച്ചു.
പ്രചാരണത്തിൻെറ ഒന്നാംഘട്ടം പിന്നിട്ടപ്പോഴും ആരിഫിന് ഒപ്പമെത്താൻ ഷാനിമോൾക്ക് ആയിരുന്നില്ല. വിജയമുറപ്പിച്ച മണ്ഡലത്തിൽ ആരിഫ് കരുത്താേടെ മുന്നോട്ടു കുതിച്ചു. പല വർണത്തിൽ സിനിമാ സ്റ്റൈൽ പോസ്റ്ററുകൾ എങ്ങും അലങ്കാരമായി നിന്നു. അപ്പോഴും ആമയുടെ ഓട്ടം പോലെ മെല്ലെ മെല്ലെ ഷാനിമോൾ ഓടുകയായിരുന്നു. ഇപ്പോഴിതാ, ഷാനിമോൾ ആരിഫിനൊപ്പം ഓടിയെത്തിയിരിക്കുന്നു.
മുസ്ളിം സമുദായത്തിലെ ഭൂരിപക്ഷ വോട്ട് എങ്ങോട്ടു മറിയുമെന്നാണ് ഇരുമുന്നണികളും കണ്ണെറിയുന്നത്. വെൽഫയർ പാർട്ടിയും സമസ്‌ത സുന്നി ഇ.കെ.വിഭാഗവും യു.ഡി.എഫിനൊപ്പവും, കാന്തപുരം വിഭാഗവും എെ.എൻ.എല്ലും എൽ.ഡി.എഫിനൊപ്പവുമാണ്. മുജാഹിദീൻ വിഭാഗം നിലപാട് വ്യക്തമാക്കിയിട്ടില്ല. പി.ഡി.പിയും എസ്.ഡി.പി.എെയും സ്വന്തം സ്ഥാനാർത്ഥികളെ നിറുത്തി മത്സരിക്കുന്നു.
മുസ്ളീം സമുദായത്തിന് 19 ശതമാനം വോട്ടാണ് മണ്ഡലത്തിലുള്ളത്. ആലപ്പുഴയിൽ മുസ്ളിം സ്ഥാനാർത്ഥികൾ
പാർലമെന്റിലേക്കു മത്സരിക്കുന്നത് ഇതാദ്യം. സംസ്ഥാനത്ത് ഒരു മുസ്ളിം വനിത പാർലമെന്റിലേക്കു മത്സരിക്കുന്നതും ആദ്യം. മുസ്ളിം വോട്ടർമാർക്കിടയിലെ വിലയിരുത്തൽ ഈ രീതിയിലായി. ആരിഫ് എം.എൽ.എയായും ഷാനിമോൾ എം.പിയായും വരുന്നതല്ലേ നല്ലത് എന്നൊരു ചിന്തയും അണിയറയിൽ കേൾക്കുന്ന രഹസ്യമാണ്.
എൻ.ഡി.എ സ്ഥാനാർത്ഥി രാധാകൃഷ്‌ണൻ കണ്ണെറിയുന്നതും ഈ വോട്ടുകളിലാണ്. തൻെറ കാഴ്ചപ്പാടും വ്യക്തിത്വവും വോട്ടർമാരിലെത്തിക്കാനാണ് രാധാകൃഷ്‌ണൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പ്രധാന വ്യക്തികളെയും യുവാക്കളെയും നിരത്തി സംവാദം തന്നെ നടത്തി വ്യത്യസ്‌തമായ പ്രചാരണത്തിലാണ് രാധാകൃഷ്ണൻ. എൻ.ഡി.എയുടെ നീക്കം ഇരുമുന്നണികളെയും ചിന്തിപ്പിക്കുന്നുണ്ട്. ഇരുപക്ഷത്തു നിന്നും വോട്ട് എൻ.ഡി.എയിലേക്കു ചോരുമെന്ന രഹസ്യവും പരസ്യമായിട്ടുണ്ട്. രാഹുൽ ഗാന്ധിയും വൃന്ദാകാരാട്ടും വന്നുപോയി. നാളെ അമിതാ ഷാ വരുന്നു. ആലപ്പുഴ ചാഞ്ചാടുകയാണ്...
ആലപ്പുഴ ഫാക്‌ടർ
എൽ.ഡി.എഫ്
അനുകൂലം: എം.എൽ.എ എന്ന നിലയിൽ ആരിഫിനുള്ള തിളക്കം. നേരത്തേ ആരംഭിച്ച പ്രചാരണത്തിലൂടെ കൈവന്ന മേൽക്കൈ
പ്രതികൂലം: രാഹുൽ ഗാന്ധിയുടെ വരവോടെ മുസ്ളിം വോട്ടർമാർ കോൺഗ്രസിലേക്ക് അടുത്തു. എൽ.ഡി.എഫിന് അനുകൂലമായി നിന്ന എസ്.ഡി.പി.എെ സ്വന്തം സ്ഥാനാർത്ഥിയുമായി മത്സരരംഗത്ത്
യു.ഡി.എഫ്
അനുകൂലം: സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുന്ന വനിത എന്ന പരിഗണന, കോൺഗ്രസുകാർ ഒറ്റക്കെട്ടായി നിൽക്കുന്നു.
പ്രതികൂലം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ വന്ന ആശയക്കുഴപ്പവും വൈകി പ്രചാരണം തുടങ്ങിയതും. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറും എൽ.ഡി.എഫിൻെറ കയ്യിൽ.
എൻ.ഡി.എ
അനുകൂലം: ഇടതു, വലതു സ്ഥാനാർത്ഥികൾ മുസ്ളിം സമുദായാക്കാരായത്. ഹൈന്ദവ വോട്ടുകളുടെ ഏകീകരണം, സ്ഥാനാർത്ഥിയുടെ വിഭിന്ന മേഖലകളിലെ പാടവം, ബി.ഡി.ജെ.എസിന്റെ സജീവ സാന്നിദ്ധ്യം.
പ്രതികൂലം: വൈകി മാത്രം പ്രചാരണം തുടങ്ങിയത്, ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം