ഗ്രാവലുമായെത്തിയ ലോറി കസ്റ്റഡിയിൽ
ചേർത്തല : ചേർത്തല തെക്ക് പഞ്ചായത്തിലെ അംബേദ്കർ കോളനിയോട് ചേർന്ന സ്ഥലം സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ നികത്താൻ നടത്തിയ ശ്രമം റവന്യു വകുപ്പും നാട്ടുകാരും ചേർന്ന് തടഞ്ഞു.താലൂക്കിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ് ഇത്. ഇവിടേക്ക് ഗ്രാവലുമായി എത്തിയ ടോറസ് ലോറി വില്ലേജ് ഓഫീസറുടെ നിർദ്ദേശത്തെ തുടർന്ന് അർത്തുങ്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചേർത്തല വടക്ക് വില്ലേജ് ഓഫീസർക്ക് ഫോണിൽ ലഭിച്ച പരാതിയെ തുടർന്ന് സ്ഥലം സന്ദർശിച്ച റവന്യൂ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്ഥലം ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.രേഖകളിൽ നിലം എന്നാണ് ഈ ഭൂമി രേഖപ്പെടുത്തിയിട്ടുള്ളത്. തുടർച്ചയായുള്ള അവധി ദിവസങ്ങൾ മുന്നിൽ കണ്ടാണ് ഭൂമി നികത്താൻ ശ്രമം നടന്നത്.കഴിഞ്ഞ ദിവസം കെ.എസ്.കെ.ടി.യുവിന്റെ നേതൃത്വത്തിൽ ഇവിടെ കൊടി കുത്തിയിരുന്നു. രാത്രിയോടെ ഉടമ കൊടി എടുത്തുമാറ്റി.എന്നാൽ ഇന്നലെ വൈകിട്ടോടെ വീണ്ടും കൊടികുത്തി. ലോറി പിടിച്ചതുമായി ബന്ധപ്പെട്ട് ചേർത്തല വടക്ക് വില്ലേജ് ഓഫീസർ തഹസിൽദാർക്ക് റിപ്പോർട്ട് കൈമാറി.തഹസിൽദാർ സബ് കളക്ടർക്ക് റിപ്പോർട്ട് നൽകും.പിടികൂടിയ ലോറി അർത്തുങ്കൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.
പിടികൂടിയ ലോറി വിട്ടു കൊടുക്കണമെന്നാവശ്യപ്പെട്ട് വൻ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായെന്നും പറയപ്പെടുന്നു.
അംബേദ്കർ കോളനി
ചേർത്തല താലൂക്കിലെ ഏറ്റവും താഴ്ന്ന പ്രദേശം. ചേർത്തല-തൈക്കൽ റോഡിൽ ആലുങ്കൽ ജംഗ്ഷന് പടിഞ്ഞാറുഭാഗത്തായി റോഡിന് തെക്ക് ചേർത്തല തെക്ക് പഞ്ചായത്തിലെ 5,6 വാർഡുകളിലായി പരന്നു കിടക്കുന്ന കോളനിയിൽ 200 ഓളം കുടുംബങ്ങൾ താമസിക്കുന്നു.നീർച്ചാലുകളും തണ്ണീർത്തടങ്ങളും കൂടുതലായുള്ള പ്രദേശമായതിനാൽ ചെറിയ ചാറ്റൽ മഴ പെയ്താൽ തന്നെ വെള്ളത്തിനടിയിലാകും.മഴക്കാലത്ത് താലൂക്കിൽ ആദ്യം ദുരിതാശ്വാസ ക്യാമ്പ് തുറക്കുന്നതും ഇവിടെയാണ്. മഴക്കാലത്ത് എല്ലാ വീടുകളിലും വെള്ളം കയറുന്നതു മൂലംഇവിടുത്തെ മുഴുവൻ കുടുംബങ്ങളും ക്യാമ്പുകളിലും ബന്ധുക്കളുടെ വീടുകളിലുമാണ് കഴിയുന്നത്.