60ഓളം മരങ്ങൾ കടപുഴകി 35ഓളം വീടുകളും തൊഴിൽശാലകളുംതകർന്നു രണ്ട് പ്രധാന റോഡുകളിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.രണ്ട് കിലോമീറ്റർ ചുറ്റളവിൽ വൈദ്യുതി വിതരണം മുടങ്ങി
ചേർത്തല : വേനൽമഴയോടൊപ്പം ആഞ്ഞടിച്ച ചുഴലിക്കാറ്റ് ചേർത്തല നഗരത്തിലെ ചെങ്ങണ്ട, ഓങ്കാരേശ്വരം മേഖലകളിൽ വ്യാപക നാശംവിതച്ചു.35ഓളം വീടുകൾ ഭാഗികമായി തകർന്നു. ഓടിക്കൊണ്ടിരുന്ന ലോറിയുടെ മുകളിലും വർക്ക്‌ഷോപ്പിൽ കിടന്ന ഇന്നോവ കാറിലും മരംവീണു.രണ്ട് കിലോമീറ്റർ ചുറ്റളവിൽ വൈദ്യുതി വിതരണം പൂർണമായി നിലച്ചു.പ്രധാന റോഡുകൾക്ക് കുറുകെ കൂറ്റൻ മരങ്ങൾ വീണതിനാൽ വാഹനഗതാഗതം ദീർഘനേരം തടസപ്പെട്ടു.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ചേർത്തല നഗരത്തിന്റെ വടക്കുകിഴക്ക് ഭാഗത്ത് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഏതാനും മിനിട്ടുകൾമാത്രം നീണ്ട കാറ്റിൽ ചേർത്തല-അരൂക്കുറ്റി റോഡിന് സമീപത്തെയും വ്യക്തികളുടെ പുരയിടങ്ങളിലെയും കൂറ്റൻ മരങ്ങൾ ഉൾപ്പെടെ കടപുഴകിയും ഒടിഞ്ഞും നിലംപൊത്തി.മുനിസിപ്പൽ 6,7 വാർഡുകളിലാണ് ഏറെ നാശമുണ്ടായത്. അഞ്ചാംവാർഡിലും തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡിലും ചെറിയതോതിൽ നാശമുണ്ടായി.7-ാം വാർഡിൽ മാത്രം 26 ഓളം വീടുകൾക്ക് ഭാഗികമായി നാശം സംഭവിച്ചു.ചെങ്ങണ്ട വളവിന് തെക്കുഭാഗത്ത് റോഡുവക്കിലെ രണ്ട് കൂറ്റൻ മരങ്ങൾ നിലംപൊത്തിയതോടെ ചെങ്ങണ്ട-കാളികുളം റോഡിൽ വാഹനഗതാഗതം പൂർണമായി തടസപ്പെട്ടു. ചേർത്തല-അരൂക്കുറ്റി റോഡിൽ ഓങ്കാരേശ്വരത്ത് ഓടിക്കൊണ്ടിരുനന് ചരക്കുലോറിയുടെ മുകളിലേക്ക് മരംവീണതോടെ അവിടെയും ഗതാഗതം മുടങ്ങി.പൊലീസും അഗ്‌നിശമനസേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പരിശ്രമിച്ച് മരങ്ങൾ വെട്ടിമാറ്റിയാണ് വാഹനഗതാഗതം പുനഃസ്ഥാപിച്ചത്. ചെങ്ങണ്ട വളവിന് തെക്ക് മുനിസിപ്പൽ ഏഴാംവാർഡിൽ പട്ടരുവീട്ടിൽ സുധീറിന്റെ ഉടമസ്ഥതയിലുള്ള 'സിയാസ് കാർ പോളിഷ്' വർക്ക്‌ഷോപ്പിൽ കിടന്ന ഇന്നോവ കാറിന് മുകളിലേയ്ക്ക് മരം കടപുഴകി വീണു. കാറിനുള്ളിൽ ഉണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. സമീപത്ത് പട്ടരുവീട്ടിൽ പി.കെ.രാജപ്പന്റെ ഉടമസ്ഥതയിലെ കയർഫാക്ടറിക്ക് മുകളിലും മരങ്ങൾ വീണു. ഏഴാംവാർഡിൽ സത്യാലയം കെ.ജി.ശരത്ചന്ദ്രന്റെ പോളിഹൗസിന് സമീപത്തെ നാലു മരങ്ങളാണ് കടപുഴകിയത്.പച്ചക്കറികൃഷി പൂർണമായുംനശിച്ചു. പട്ടരുവീട്ടിൽ സതീശന്റെ 300ഓളം വാഴകളും നശിച്ചു.
കളക്ടറും ആരിഫും സന്ദർശിച്ചു
ചുഴലിക്കാറ്റ് നാശംവിതച്ച മേഖല ആലപ്പുഴ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി എ.എം.ആരിഫ് സന്ദർശിച്ചു.സംഭവം നടന്ന് മിനിട്ടുകൾക്കകം സ്ഥലത്തെത്തിയ ആരിഫ് മുഖ്യമന്ത്റിയെയും കളക്ടറെയും ഉടനെ വിവരം ധരിപ്പിച്ചു.മുനിസിപ്പൽ കൗൺസിലർമാരായ എ.അരുൺലാൽ,എൻ.ലീന എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ചുഴലിക്കാറ്റ് നാശംവിതച്ച മേഖലകൾ കളക്ടർ എസ്.സുഹാസ് വൈകിട്ട് 7.30ഓടെ സന്ദർശിച്ചു. സ്ഥിതിഗതികൾ മനസിലാക്കിയ അദ്ദേഹം ചീഫ് സെക്രട്ടറിയെ ഉൾപ്പെടെ വിവരം ധരിപ്പിച്ചു.