photo

ചേർത്തല:താലൂക്ക് ആശുപത്രിയിലെ ഒ.പി.വിഭാഗത്തിൽ ക്യൂ നിന്നിരുന്ന വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്ന തമിഴ്‌നാട് സ്വദേശിനികളെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി.തമിഴ്‌നാട് വില്ലുപുരം താമര കോളനിയിൽ അനുസി (29),യാലിനി(28)എന്നിവരെയാണ് അറസ്​റ്റ് ചെയ്തത്.ഇന്നലെ രാവിലെ 11 ഓടെ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഒ.പിയ്ക്ക് മുമ്പിലായിരുന്നു സംഭവം. ഡോക്ടറെ കാണാൻ ക്യൂ നിന്നിരുന്ന തണ്ണീർമുക്കം മീനാക്ഷി മന്ദിരത്തിൽ സരസ്വതിയുടെ ഒന്നേകാൽ പവന്റെ സ്വർണ മാലയാണ് ഇവർ പൊട്ടിച്ചെടുത്തത്.മാലയുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.ഇവർ സംഘം ചേർന്നാണ് മോഷണം നടത്തുന്നതെന്നും സംഘത്തിലെ മ​റ്റംഗങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ചേർത്തല സി.ഐ പി.ശ്രീകുമാർ പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.