ആലപ്പുഴ : ജില്ലയിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്താത്തത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. ഡെങ്കിപ്പനി, വൈറൽ പനി ബാധിതരുടെ എണ്ണം കൂടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുള്ളത്.
മുൻവർഷങ്ങളിൽ ഓരോ മഴക്കാലത്തും ഡെങ്കിപ്പനി, എലിപ്പനി,ചിക്കുൻഗുനിയ തുടങ്ങിയവയാണ് ആലപ്പുഴയ്ക്ക് ഭീഷണിയായത്.
രോഗഭീഷണി മുന്നിൽക്കണ്ടാണ് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്. മഴയെത്തുന്നതിന് ഒരു മാസം മുമ്പെങ്കിലും ശുചീകരണപ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. മഴക്കാല ശുചീകരണത്തിന്റെ മുന്നൊരുക്കങ്ങൾ ജില്ലയിൽ ഇനിയും ആരംഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ചൂടിൽ പഞ്ചായത്ത്, നഗരസഭാ അധികൃതർ മുഴുകിയതാണ് പ്രവർത്തനങ്ങൾ വൈകാൻ കാരണം.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും ജില്ലയിൽ മഴക്കാലപൂർവ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ മുൻകൂട്ടി നടത്തിയിരുന്നു. മഴക്കാല പൂർവ ശുചീകരണത്തിൽ ത്രിതലപഞ്ചായത്തുകളാണ് കൂടുതൽ ഇടപെടൽ നടത്തേണ്ടത്.
ഇപ്പോൾ പല പഞ്ചായത്തുകളിലും വാർഡുതല സാനിട്ടേഷൻ കമ്മിറ്റികൾ പ്രവർത്തന സജ്ജമല്ല.
രോഗങ്ങൾ പരത്തുന്ന കൊതുക്, എലി എന്നിവയുടെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിനും ജലജന്യ രോഗങ്ങൾ തടയുന്നയുന്നതിനും ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയാണ് മഴക്കാല പൂർവ ശുചീകരണത്തിൽ ലക്ഷ്യമിടുന്നത്.
ജല അതോറിട്ടി, ഇറിഗേഷൻ, പൊതുമരാമത്ത്, ആരോഗ്യം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഗ്രാമ പഞ്ചായത്തുകളാണ് മേൽനോട്ടം വഹിക്കേണ്ടത്. മഴക്കാലത്ത് ജില്ലയിൽ കൊതുക് - ജലജന്യ രോഗങ്ങളാണ് കൂടുതലും പകരുന്നത്.
ശുചീകരണം നടത്തേണ്ടത്
ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിലും അഞ്ച് നഗരസഭകളിലും
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓരോ വാർഡിലും 25,000 രൂപ വീതമാണ് ഒരുവർഷത്തെ പ്രതിരോധപ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്നത്.
ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ, ശുചിത്വമിഷൻ, പഞ്ചായത്ത്, നഗരസഭകൾ എന്നിവ ചേർന്നാണ് തുക ചെലവഴിക്കേണ്ടത്.
''പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ എല്ലാ പഞ്ചായത്തുകളിലും മാർഗ നിർദേശങ്ങൾ നൽകി. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഭവന സന്ദർശനവും കൊതുക് നശീകരണ പ്രവർത്തനങ്ങളും നടത്തും
ഡി.എം.ഒ, ആലപ്പുഴ