ആലപ്പുഴ: തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം പരമാവധി ഉറപ്പാക്കുക എന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ലക്ഷ്യത്തിന് പിന്തുണയുമായി ഒരുകൂട്ടം എൻജിനിയറിംഗ് വിദ്യാർത്ഥികൾ ആലപ്പുഴയിലെത്തി. പാലക്കാട് ഗവ.എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന ഓൾ കേരള സൈക്കിൾ റാലിയിൽ വോട്ടർമാർക്ക് ബോധവത്കരണം നടത്തുന്നത്. എല്ലാവരും വോട്ടുചെയ്യൂ, രാഷ്ട്ര നിർമ്മാണത്തിൽ അണിചേരൂ എന്ന സന്ദേശവുമായി നടത്തുന്ന സൈക്കിൾ റാലി ഇന്നലെ രാവിലെ കളക്ടറേറ്റിലെത്തി. ജില്ലയിൽ റാലിയുടെ പര്യടനം തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ അതുൽഎസ്.നാഥ് ഉദ്ഘാടനം ചെയ്തു. കാസർകോട് നിന്ന് ആരംഭിച്ച റാലി ഏഴാമത്തെ ദിവസമാണ് ആലപ്പുഴയിൽ എത്തിയത്. തിരുവനന്തപുരത്ത് മാനവീയം റോഡിൽ സമാപിക്കും. വിവിധ ജില്ലകളിൽ രൂപവത്കരിച്ചിട്ടുള്ള വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ്പ് ഇവർക്കാവശ്യമായ സഹായ സഹകരണങ്ങൾ ഒരുക്കി.