photo

ചേർത്തല:വേനൽ മഴയോടൊപ്പമെത്തിയ ചുഴലിക്കാറ്റിൽ ചേർത്തല ചെങ്ങണ്ടയിൽ വൈദ്യുതി മേഖലയിലടക്കം 21.56 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായി പ്രാഥമിക കണക്ക്.കാർഷിക മേഖലയിലെ നഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല.വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ ആഞ്ഞു വീശിയ ചുഴലിക്കാറ്റിൽ 34 വീടുകൾക്കാണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്.ഇതിന് പുറമേ കയർ ഫാക്ടറികളും കടമുറികളും ഉൾപ്പെടെ 14 കെട്ടിടങ്ങൾക്കും നാശമുണ്ടായി.ഇതിന് മാത്രം 9.56 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ചേർത്തല നഗരത്തിലെ 5,6,7 വാർഡുകളിലും തണ്ണീർമുക്കം പഞ്ചായത്തിലെ ഒന്നാം വാർഡിലുമാണ് കാറ്റ് നാശം വിതച്ചത്.7-ാം വാർഡിലാണ് കൂടുതൽ ദുരിതമുണ്ടായത്. കാർഷികമേഖലയിലും വൻ നഷ്ടമാണ് ഉണ്ടായത്.ആയിരത്തോളം വാഴകൾ നശിച്ചു.തെങ്ങ്,കമുക് ഉൾപ്പെടെയുള്ള കൃഷികൾ നിലംപൊത്തി.ഇതിന്റെ വിവരങ്ങൾ ശേഖരിക്കുന്നതിനായി കൃഷി ഓഫീസർക്ക് നിർദ്ദേശം നൽകിയതായി തഹസിൽദാർ രാജേന്ദ്രബാബു പറഞ്ഞു.

വൈദ്യുതി ബോർഡിന്12 ലക്ഷം നഷ്ടം

കാറ്റിൽ ഇലക്ടിക് പോസ്റ്റ് ഒടിഞ്ഞും കമ്പികൾ പൊട്ടി വീണും വൻ നാശമാണ് വൈദ്യുതി മേഖലയിൽ ഉണ്ടായത്.12 എൽ.ടി പോസ്റ്റുകൾ മരംവീണ് ഒടിഞ്ഞു. നിരവധി പോസ്​റ്റുകൾ ചരിയുകയും,50സ്ഥലങ്ങളിൽ കമ്പി പൊട്ടിവീഴുകയും ചെയ്തു.രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ വൈദ്യുതി വിതരണം പൂർണമായി തടസപ്പെട്ടിരുന്നു.പ്രദേശത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും തീവ്ര ശ്രമങ്ങളാണ് നടന്നത്.അവധിയിൽപ്പോയ ജീവനക്കാരെയടക്കം തിരികെ എത്തിച്ചാണ് ഇന്നലെ പ്രവർത്തനങ്ങൾ നടത്തിയത്. ചെങ്ങണ്ട പള്ളിപ്പുറം മേഖലയിൽ കമ്പികൾ പൊട്ടിക്കിടക്കുന്നതിനാൽ ഏഴു ട്രാൻസ്‌ഫോർമറുകൾ ഓഫാക്കിയിരുന്നു.വൈകിട്ടോടെയാണ് ഇവിടെ വൈദ്യുതി പുനഃസ്ഥാപിച്ചത്.

 തുടർ നടപടികൾ മിന്നൽ വേഗതയിൽ

നാശം വിതച്ച പ്രദേശത്ത് തുടർനടപടികൾ മിന്നൽവേഗത്തിലാണ് നടക്കുന്നത്.വീടുകൾക്കു മുകളിൽ പതിച്ച മരങ്ങൾ എല്ലാം നീക്കം ചെയ്തു .മന്ത്റി പി.തിലോത്തമൻ,മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണികൃഷ്ണൻ,സബ് കളക്ടർ കൃഷ്ണതേജ എന്നിവർ സ്ഥലം സന്ദർശിച്ചു.നാശനഷ്ടം സംഭവിച്ച വീടുകൾക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകുന്നതിന് റവന്യൂവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.ഇതിനായി ബാങ്ക് പാസ്ബുക്കിന്റെയും റേഷൻകാർഡിന്റെയും കോപ്പിയടക്കം അപേക്ഷയും സ്വീകരിച്ചു തുടങ്ങി.വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിനൊപ്പമാണ് അപേക്ഷ സ്വീകരിക്കുന്നത്.ഇതിനു ശേഷം നഗരസഭാ എൻജിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ എത്തി നഷ്ടം കണക്കാക്കിയാണ് നഷ്ടപരിഹാരം നിശ്ചയിക്കും.