അമ്പലപ്പുഴ : ഉദ്ഘാടനം കഴിഞ്ഞിട്ടും താമസത്തിന് കൈമാറാത്ത, മെഡിക്കൽ കോളേജ് ആശുപത്രിയിലെ പി.ജി ക്വാർട്ടേഴ്സ് സാമൂഹ്യവിരുദ്ധർ താവളമാക്കുന്നു. കഴിഞ്ഞ മാസമാണ് ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ നിർവഹിച്ചത്. എന്നാൽ ഇത് പി.ജി വിദ്യാർത്ഥികൾക്ക് താമസത്തിനായി തുറന്നുകൊടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം വൈകിട്ട് 4 ഓടെ ക്വാർട്ടേഴ്സിന്റെ പൂട്ടിയിട്ടിരുന്ന ഗേറ്റ് ചാടി അകത്തു കടന്ന സാമൂഹ്യ വിരുദ്ധർ ഇവിടെ സൂക്ഷിച്ചിരുന്ന തീ അണക്കാൻ ഉപയോഗിക്കുന്ന 2 വാതക സിലണ്ടറുകൾ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ആശുപത്രി സർജന്റ് രമേഷ് ബാബു എയ്ഡ് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥരെയും സെക്യൂരിറ്റി ഓഫീസറേയും വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും സാമൂഹ്യ വിരുദ്ധർ ഓടി രക്ഷപ്പെട്ടു. വാതക സിലിണ്ടർ സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് പൊലീസ് പിന്നീട് കണ്ടെടുത്തു.
രാത്രിയാകുന്നതോടെ മദ്യപസംഘം ഇവിടെ തമ്പടിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ക്വാർട്ടേഴ്സ് ആശുപത്രിയുടെ തെക്കുഭാഗത്തായി ഒഴിഞ്ഞ സ്ഥലത്തായതിനാൽ പൊലീസിന് ഈ ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാറില്ല.
ക്വാർട്ടേഴ്സ് തുറന്നുകൊടുക്കാത്തതു കാരണം പി.ജി വിദ്യാർത്ഥികൾ വളരെ ബുദ്ധിമുട്ട് സഹിച്ചാണ് ദൂരദേശത്ത് നിന്ന് ഉൾപ്പെടെ എത്തി ആശുപത്രിയിൽ സേവനം ചെയ്യുന്നത്. ക്വാർട്ടേഴ്സ് വിദ്യാർത്ഥികൾക്കായി തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമായി.
'' പൊതുമരാമത്ത് കെട്ടിടവിഭാഗം കോളേജ് പ്രിൻസിപ്പലിന് കൈമാറാത്തതിനാലാണ് പി.ജി ക്വാർട്ടേഴ്സ് വിദ്യാർത്ഥികൾക്കായി തുറന്നുകൊടുക്കാത്തത്
ആശുപത്രി അധികൃതർ