ആലപ്പുഴ: ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളെ ആര് നയിക്കണമെന്ന് വിധിയെഴുതാൻ 2664502 ലക്ഷം വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തുകളിലേക്ക്. ആലപ്പുഴയിൽ 1351405 വോട്ടർമാരും മാവേലിക്കരയിൽ 1301067 വോട്ടർമാരുമാണുള്ളത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ നിയമസഭാ മണ്ഡലങ്ങൾ മാവേലിക്കര മണ്ഡലത്തിലാണ്. ഈ വോട്ടുകൾകൂടി ചേരുമ്പോൾ 1661796 വോട്ടർമാരാണ് ജില്ലയിലുള്ളത്. ആലപ്പുഴ മണ്ഡലത്തിൽ 12 പേരാണ് ജനവിധി തേടുന്നത്. മാവേലിക്കരയിൽ പത്തുപേരും. 1704 പാേളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

രണ്ട് മണ്ഡലങ്ങളിലും സ്ത്രീ വോട്ടർമാരാണ് കൂടുതൽ. ആലപ്പുഴയിൽ 699348 വോട്ടർമാരും മാവേലിക്കരയിൽ 684806 വോട്ടർമാരും സ്ത്രീകളാണ്. ആലപ്പുഴയിൽ ആറുപേരും മാവേലിക്കരയിൽ ഒരാളും ഭിന്നലിംഗക്കാരായി വോട്ടേഴ്സ് ലിസ്റ്റിലുണ്ട്. ജില്ലയിൽ ഏറ്റവും കുറവ് വോട്ടർമാരുള്ളത് മാവേലിക്കര മണ്ഡലത്തിലെ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലാണ്. 66 പുരുഷൻമാരും 55 സ്ത്രീകളുമുൾപ്പെടെ 111 വോട്ടർമാർ. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ബൂത്ത് കായംകുളം മുകുന്ദവിലാസം എൽ.പി.സ്കൂളിലാണ്. 1476 പേർ.

വോട്ട് ചെയ്യാൻ പരമാവധിപേരെ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് പാർട്ടി പ്രവർത്തകർ നടത്തുന്നത്.

പോളിംഗ് ഉദ്യോഗസ്ഥരെല്ലാം ഇന്നലെ രാവിലെ തന്നെ വിതരണ കേന്ദ്രങ്ങളിലെത്തി പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങി ബൂത്തുകളിലെത്തി അവ സജ്ജീകരിച്ച് കാത്തിരിക്കുകയാണ്.

ഇന്ന് രാവിലെ 7 മുതൽ വോട്ട് രേഖപ്പെടുത്താം. വൈകിട്ട് 6 ന് പോളിംഗ് അവസാനിക്കും. മൂന്ന് മുന്നണിയുടെയും സ്ഥാനാർത്ഥികൾ വിജയപ്രതീക്ഷയിലാണ്. വോട്ടർമാരെ നേരിൽകണ്ട് അവസാനവട്ട വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലായിരുന്നു ഇന്നലെ സ്വാനാർത്ഥികൾ.

ആലപ്പുഴയിലെ സ്ഥാനാർത്ഥികൾ.

(പേര്,പാർട്ടി, ചിഹ്നം എന്ന ക്രമത്തിൽ)

1.എ.എം.ആരിഫ് (സി.പി.എം) ചുറ്റികയും അരിവാളും നക്ഷത്രവും

2.അഡ്വ. പ്രശാന്ത് ഭീം (ബി.എസ്.പി) ആന

3.ഡോ.കെ.എസ്.രാധാകൃഷ്ണൻ (ബി.ജെ.പി) താമര

4.അഡ്വ.ഷാനിമോൾ ഉസ്മാൻ (എെ.എൻ.സി) കൈ

5.എ.അഖിലേഷ് (അംബേദ്ക്കറൈറ്റ് പാർട്ടി ഒഫ് ഇന്ത്യ)കോട്ട്

6.ആർ.പാർത്ഥസാരഥി വർമ്മ (എസ്.യു.സി.എെ- സി) ബാറ്ററി ടോർച്ച്

7.വർക്കല രാജ് (പി.ഡി.പി) കപ്പും സോസറും

8.കെ.എസ്.ഷാൻ (എസ്.ഡി.പി.എെ) ഓട്ടോറിക്ഷ

9.താഹിർ (സ്വതന്ത്രൻ) ആൻറിന

10.വയലാർ രാജീവൻ (സ്വതന്ത്രൻ)ഏഴ് കിരണങ്ങളോടുകൂടിയ പേന നിബ്ബ്

11.സതീഷ് ഷേണായി (സ്വതന്ത്രൻ) ആപ്പിൾ

12.സന്തോഷ് തുറവൂർ (സ്വതന്ത്രൻ) ഓടക്കുഴൽ

മാവേലിക്കരയിലെ സ്ഥാനാർത്ഥികൾ

1.കൊടിക്കുന്നിൽ സുരേഷ് (എെ.എൻ.സി) കൈ

2.ചിറ്റയം ഗോപകുമാർ (സി.പി.എെ)ധാന്യക്കതിരും അരിവാളും

3.രാജഗോപാൽ (ബി.എസ്.പി) ആന

4.ബിമൽജി (എസ്.യു.സി.എെ- സി)ബാറ്ററി ടോർച്ച്

5.തഴവ സഹദേവൻ (ബി.ഡി.ജെ.എസ്)കുടം

6.അജയകുമാർ (സ്വതന്ത്രൻ)ഘടികാരം

7.ഡി.അജി (സ്വതന്ത്രൻ)ഓടക്കുഴൽ

8.ഉഷ അശോകൻ (സ്വതന്ത്രൻ)ഓട്ടോറിക്ഷ

9.കെ.പി.കുട്ടൻ (സ്വതന്ത്രൻ)വിസിൽ

10.ആർ.രാഘവൻ (സ്വതന്ത്രൻ) കാമറ

#ഫലം ഒരു മാസം കഴിഞ്ഞ്

ഫലം അറിയാൻ കൃത്യം ഒരു മാസം കാത്തിരിക്കണം. എസ്.ഡി.കോളേജ്, തിരുവമ്പാടി എച്ച്.എസ്.എസ്,ലിയോ തേർട്ടീന്ത് സ്കൂൾ, സെൻറ് ജോസഫ്സ് കോളേജ്, സെൻറ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളാണ് ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ.