# റൂട്ട് തെറ്റിക്കുന്നത് ഫാസ്റ്റ് പാസഞ്ചറുകൾ

ആലപ്പുഴ: നഗരത്തിലൂടെ കടന്നു പോകുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഡ്രൈവർമാരുടെ സൗകര്യാർത്ഥം തോന്നുംപടി സഞ്ചരിക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. കെ.എസ്.ആർ.ടി.സി അധികൃതരും ട്രാഫിക് പൊലീസും അറിയാതെയാണ് ഈ തന്നിഷ്ട യാത്ര.

തെക്കു ഭാഗത്തു നിന്ന് വരുന്ന ഫാസ്റ്റ് പാസഞ്ചറുകൾ

ജനറൽ ആശുപത്രി ജംഗ്ഷൻ, പിച്ചു അയ്യർ, വൈ.എം.സി.എ, ബോട്ട് ജെട്ടി വഴിയാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തേണ്ടത്. എന്നാൽ ഒട്ടുമിക്ക ബസുകളും ജനറൽ ആശുപത്രി ജംഗ്ഷനു തെക്കുഭാഗത്തു നിന്ന് തിരിഞ്ഞ് കല്ലുപാലം വഴിയാണ് സ്റ്റാൻഡിലേക്ക് എത്തുന്നത്. പിച്ചു അയ്യർ ജംഗ്ഷനിലും ബോട്ട് ജെട്ടിയിലും ഇറങ്ങേണ്ട യാത്രക്കാർ മറ്റിടങ്ങളിൽ ഇറങ്ങി നടക്കുകയോ ആട്ടോറിക്ഷ പിടിക്കുകയോ ചെയ്യേണ്ട അവസ്ഥയാണ് ഇതുമൂലം ഉണ്ടാവുന്നത്. ഈ ഭാഗങ്ങളിലെ സർക്കാർ ഓഫീസുകളിലേക്കും മറ്റുമെത്തുന്നവരാണ്- പ്രത്യേകിച്ചും മുതിർന്ന പൗരൻമാർ- ഏറെ വലയുന്നത്. റൂട്ട് മാറി ഓടുന്ന ബസുകൾ അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ലെന്നതും ഡ്രൈവർമാർ മറക്കുന്നു.

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് തെക്കു ഭാഗത്തേക്കുള്ള ബസുകൾ നഗരത്തിൽ കുരുക്ക് ഉണ്ടാക്കാതിരിക്കാനാണ് കല്ലുപാലം, ജനറൽ ആശുപത്രി ജംഗ്ഷൻ വഴി കടത്തിവിടുന്നത്. തെക്കു നിന്നുള്ള ബസുകൾ ഇതേ റൂട്ടിൽ കടന്നു വരുമ്പോൾ കല്ലുപാലം ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാണ്.

സൂപ്പർഫാസ്റ്റ് ബസുകൾ ജനറൽ ആശുപത്രി ജംഗ്ഷനു തെക്കുഭാഗത്തു നിന്ന് തിരിഞ്ഞ് കല്ലുപാലം വഴി ബസ് സ്റ്റാൻഡിൽ എത്തിയാൽ മതിയാവും. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് നഗരത്തിലൂടെ ഫാസ്റ്റ് പാസഞ്ചറിനു നിശ്ചയിച്ചിരിക്കുന്ന റൂട്ടിൽ സൂപ്പർ ഫാസ്റ്റുകൾക്ക് സ്റ്റോപ്പില്ല.

............................................................

'കെ.എസ്.ആർ.ടി.സി ബസുകൾക്കൊന്നും നേരത്തെ നിശ്ചയിച്ചിട്ടുള്ള സഞ്ചാര വഴി മാറ്റിയിട്ടില്ല. തെക്കുഭാഗത്തുനിന്ന് വരുന്ന ഫാസ്റ്റ് പാസഞ്ചറുകൾ നേരേ പിച്ചു അയ്യർ, ബോട്ട് ജെട്ടി വഴി ബസ് സ്റ്റേഷനിൽ എത്തണമെന്നാണ് നിർദ്ദേശം. സ്വന്തം ഇഷ്ടപ്രകാരം റൂട്ട് മാറ്റി വിടാൻ ബസ് ജീവനക്കാർക്ക് അധികാരമില്ല'

(കെ.എസ്.ആർ.ടി.സി അധികൃതർ)

..................................................................

'പൊതുപരിപാടികളുമായി ബന്ധപ്പെട്ടു മാത്രമാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം എർപ്പെടുത്തുന്നത്. ഒറ്റപ്പെട്ട് വാഹനങ്ങളെ വഴിതിരിച്ചു വിടാറില്ല. ചില കെ.എസ്.ആർ.ടി.സി ബസുകളിലെ ഡ്രൈവർമാർ റൂട്ട് തിരിച്ചുവിടുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജനറൽ ആശുപത്രിയുടെ തെക്കു ഭാഗത്തുള്ള റോഡിലേക്ക് ബസുകൾ തിരിയുമ്പോൾ ഗതാഗത തടസം ഉണ്ടാക്കുന്നു.

ഈ ഡ്രൈവർമാർക്കെതിരെ നിയമനടപടി സ്വീകരിക്കും'

(ട്രാഫിക് പൊലീസ്)