വള്ളികുന്നം: പടയണിവെട്ടം പുഞ്ചവാഴ്ക പുഞ്ചയിലെ 30 ഏക്കർ നെൽകൃഷി, കെ.ഐ.പി കനാലിൽ നിന്നു കവിഞ്ഞൊഴുകിയ വെള്ളത്തിലായത് കർഷകരെ ആശങ്കയിലാഴ്ത്തി.
നെൽച്ചെടികൾ അഴുകുംമുമ്പേ കൊയ്തെടുക്കാൻ തൊഴിലാളികളെ ലഭിക്കാത്തതിനാൽ കർഷകർ കൊയ്ത്ത് യന്ത്രത്തിനായി നെട്ടോട്ടത്തിലാണ്. മൂന്ന് ദിവസം മുൻപാണ് പടയണിവെട്ടം ക്ഷേത്രത്തിനു സമീപമുള്ള കെ.ഐ.പി കനാലിൽ മാലിന്യം അടിഞ്ഞുകൂടിയതിനെ തുടർന്ന് വെള്ളം കവിഞ്ഞൊഴുകിയത്. അഞ്ചു വീടുകളിൽ ഉൾപ്പെടെ വെള്ളം കയറി. കരക്കൃഷികൾ കുത്തൊഴുക്കിൽ നശിച്ചു. പുനർജനി കർഷക സമിതിയുടെ കൂട്ടാഴ്മയിൽ ആറ് കർഷകർ ചേർന്നാണ് പുഞ്ചവാഴ്ക പുഞ്ചയിൽ കൃഷിയിറക്കിയത്. പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹായത്തോടെയായിരുന്നു കൃഷി. ഒരാൾക്ക് മൂന്നു ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. ഇനിയും കൊയ്ത്ത് യന്ത്രം വൈകിയാൽ നെൽകൃഷികൾ പൂർണ്ണമായും നശിക്കുമെന്ന് കർഷകർ പറയുന്നു.