മാവേലിക്കര: തെക്കേക്കര പല്ലാരിമംഗലം ഉറകാരേത്ത് ജംഗ്ഷന് സമീപം ദേവു ഭവനത്തിൽ ബിജു (50), ഭാര്യ ശശികല (42) എന്നിവരെയാണ് അയൽവാസിയായ പല്ലാരിമംഗലം തിരുവമ്പാടി വീട്ടിൽ സുധീഷ് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ദാരുണ സംഭവത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. രണ്ടു ആൺമക്കളെ അനാഥരാക്കി ബിജുവും ശശികലയും മടങ്ങിയപ്പോൾ, ജയിലിൽ വിചാരണ കാത്തു കിടക്കുകയാണ് സുധീഷ്.
കമ്പിവടി കൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കേസ്. ബിജുവും മക്കളും മാവേലിക്കരയിൽ പോയി തിരികെ വീട്ടിലെത്തിയപ്പോൾ സുധീഷ് ബിജുവിനെ അസഭ്യം പറഞ്ഞു. ചോദ്യം ചെയ്ത ബിജുവിനെ സുധീഷ് കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ശശികലയെയും സുധീഷ് ആക്രമിച്ചു. അടികൊണ്ടു നിലത്തു വീണ ഇരുവരെയും ഇഷ്ടികകൊണ്ട് പലതവണ തലയ്ക്കടിച്ചു. ആക്രമണം കണ്ടു ഭയന്ന ബിജുവിന്റെ മകൻ ദേവൻ അയൽവീട്ടിലേക്ക് ഓടിയെത്തി വിവരം അറിയിക്കുകയായിരുന്നു.
ശശികല സംഭവസ്ഥലത്തു വച്ചും ബിജു കായംകുളം താലൂക്ക് ആശുപത്രിയിലുമാണ് മരിച്ചത്. അന്നുതന്നെ സുധീഷ് പൊലീസ് പിടിയിലായി. ദേവനും സഹോദരൻ ദേവുവും ബിജുവിന്റെ സഹോദരൻ രാജന്റെ സംരക്ഷണയിലാണിപ്പോൾ. സംഭവം നേരിൽ കാണേണ്ടി വന്ന ദേവന് ഇന്നും അത് നടക്കുന്ന ഓർമ്മയാണ്. ദേവു ബിഷപ് ഹോഡ്ജസ് എച്ച്.എസിൽ ആറാം ക്ലാസിലും ദേവൻ മുള്ളിക്കുളങ്ങര ഗവ.എൽ.പി.എസിൽ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.