jayan

എടത്വ: അകന്നു കഴിയുകയായിരുന്ന ഭാര്യയെ അവരുടെ വീട്ടിലെത്തി ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ. ചെറുതന ചിറയിൽ വീട്ടിൽ ജയൻ വർഗീസ് (41) ആണ് അറസ്റ്റിലായത്. വെട്ടേറ്റ ഭാര്യ ഷീബയെ (30) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസ് പറയുന്നത്: ജയൻ വർഗീസിന്റെ സംശയ രോഗത്തെത്തുടർന്ന് ഷീബ മാതാപിതാക്കളോടൊപ്പം തലവടി കളങ്ങര പറമ്പടിക്കുന്നേൽ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഇവിടെയെത്തിയ ജയൻ കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഷീബയുടെ പിൻകഴുത്തിൽ വെട്ടുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷീബയെ പിൻതുടർന്ന് വീണ്ടും വെട്ടി. അലർച്ച കേട്ടെത്തിയ നാട്ടുകാർ ജയനെ ഓടിച്ചിട്ട് പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. എടത്വ എസ്.ഐ സിസിൽ ക്രിസ്റ്റി രാജിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.