sndp

കായംകുളം: കായംകുളത്ത് വോട്ടെടുപ്പ് സമാധാനപരം. അക്രമ സംഭവങ്ങളും ഗുരുതരമായ വാക്കുതർക്കങ്ങളും അരങ്ങേറിയില്ല. എന്നാൽ നിയോജക മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ വോട്ടിംഗ് മെഷീനുകൾ തകരാറിലായത് വോട്ടെടുപ്പ് വൈകിപ്പിച്ചു.

കീരിക്കാട് തെക്ക് മൂലേശേരിൽ സ്കൂളിലെ 60, 62 ബൂത്തുകളിൽ മഴകാരണം തണുപ്പടിച്ച് മെഷീനുകൾ തകരാറിലായത് മൂലം ഒരു മണിക്കൂറോളം വോട്ടെടുപ്പ് വൈകി. കറ്റാനം പോപ്പ് പയസ് സ്കൂളിലെ 172-ാം ബൂത്തിൽ രാവിലെ നാല് മെഷീനുകൾ മാറ്റിമാറ്റി വച്ചെങ്കിലും നാലും തകരാറിലായി. രാവിലെ പത്തരയോടെ മാത്രമാണ് വോട്ടെടുപ്പ് തുടങ്ങിയത്.

കൃഷ്ണപുരത്ത് 151,152 ബൂത്തുകളിലും കുറ്റിത്തെരുവ് എച്ച്.എച്ച്.വൈ.എസിലെ 138,139 ബൂത്തുകളിലും മെഷീനുകൾ പണിമുടക്കി. കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂളിലെ 102-ാം ബൂത്തിൽ മെഷീൻ തകരാർ കാരണം ഒന്നര മണിക്കൂർ വൈകിയാണ് വോട്ടെടുപ്പ് തുടങ്ങിയത്. കുറ്റിത്തെരുവ് എച്ച് എച്ച് വൈ.എം.എസ്.യു.പി സ്കൂളിലെ 139-ാം ബൂത്തിൽ രാവിലെ മോക്പോളിംഗിൽ യു.ഡി എഫ് സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തപ്പോൾ ലൈറ്റ് തെളിഞ്ഞില്ല. പിന്നീട് പുതിയ വോട്ടിംഗ് യന്ത്രമെത്തിച്ച് വോട്ടെടുപ്പ് ആരംഭിച്ചപ്പോഴേക്കും ഒരു മണിക്കൂറോളം വൈകി.