a

മാവേലിക്കര: മാവേലിക്കരയിൽ വോട്ടെടുപ്പ് പൊതുവേ സമാധാനപരം. 190 ബൂത്തുകളുള്ളതിൽ പത്തിടത്ത് വോട്ടിംഗ് യന്ത്രം തകരാറിലായത് വോട്ടെടുപ്പ് മണിക്കൂറുകളോളം വൈകാൻ കാരണമായി. കണ്ടിയൂർ യു.പി സ്കൂളിൽ വോട്ട് ചെയ്തു പുറത്തിറങ്ങിയ വൃദ്ധൻ കുഴഞ്ഞു വീണു മരിച്ചു. മിക്ക വോട്ടെടുപ്പു കേന്ദ്രങ്ങളിലും 6 മണിക്കു ശേഷവും നീണ്ട ക്യൂവുണ്ടായിരുന്നു. തഴക്കര സംസ്കൃതം യു.പി സ്കൂളിൽ ഏഴരയോടെയാണ് വോട്ടെടുപ്പ് പൂർത്തിയായത്.

തെക്കേക്കര പൊന്നേഴ എൻ.എസ്.എസ് കരയോഗ മന്ദിരത്തിലെ 72ാം നമ്പർ ബൂത്തിൽ രാവിലെ മുതൽ യന്ത്രം തകരാറിലായതിനാൽ 2 മണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടു. തഴക്കര കുന്നം 39ാം നമ്പർ ബൂത്തിൽ 3 വോട്ട് രേഖപെടുത്തിയ ശേഷം മെഷീൻ കേടായി. ഇവിടെ വോട്ടിംഗ് പുനരാരംഭിക്കാൻ അര മണിക്കൂറോളം വൈകി. തഴക്കര കുന്നം 38ാം നമ്പർ ബൂത്തിൽ മെഷീൻ ക്രമീകരിക്കാനുള്ള കാലതാമസം കാരണം 7.35നാണ് ഇവിടെ വോട്ടെടുപ്പ് ആരംഭിച്ചത്. തഴക്കര 46 ൽ ഒരു മണിക്കൂർ വൈകിയാണ് വോട്ടെടുപ്പ് തുടങ്ങിയത്. വെട്ടിയാർ 51ാം ബൂത്തിലും മാവേലിക്കര നഗരസഭയിലെ ബൂത്ത് 5ലും വോട്ടിംഗ് യന്ത്രം തകരാറിലായി. മാവേലിക്കര ഗവ.ടി.ടി.ഐയിലെ 14ാം നമ്പർ ബൂത്തിൽ രാവിലെ 10.15ന് യന്ത്രം തകരാറിലായി. ഒന്നേകാൽ മണിക്കൂർ വൈകി 11.30നാണ് വോട്ടിംഗ് പുനരാരംഭിച്ചത്. പോനകം എസ്.എം.ആർ.വി എൽ.പി.എസിലും യന്ത്രതകരാർ മൂലം വോട്ടിംഗ് വൈകി. ഈ സ്കൂളിലെ 29, 30 ബൂത്തുകളിൽ വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും വലിയ ജനക്കൂട്ടം വോട്ടുചെയ്യാൻ കാത്തുനിന്നു. പല്ലരി മംഗലം തറയിൽ എൽ.പി.എസിലെ 66ാം നമ്പർ ബൂത്തിൽ ഇടക്ക് വോട്ടിംഗ് മെഷീൻ കേടായി. 15 മിനിട്ടോളം വോട്ടെടുപ്പ് നിർത്തിവച്ചു.