pkl-2

# മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെട്ടു

പൂച്ചാക്കൽ: വടുതല ആയിരത്തെട്ടിന് സമീപം പ്ലാസ്റ്റിക് ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടം ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ ഉണ്ടായ ഇടിമിന്നലിൽ പൂർണ്ണമായി കത്തി നശിച്ചു. 28 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി നടത്തിപ്പുകാർ പറഞ്ഞു. സ്ഥാപനത്തിൽ ഉറങ്ങുകയായിരുന്ന മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

എറണാകുളം വെണ്ണല ചളിക്കവട്ടം കണിയാവേലി വീട്ടിൽ ഹാഷിമിന്റെ ഉടമസ്ഥതയിൽ ഉള്ള പ്ലാസ്റ്റിക് ഗ്രൈൻഡിംഗ് യൂണിറ്റാണിത്. ഇദ്ദേഹം വിദേശത്തായതിനാൽ ഭാര്യാ പിതാവ് മൈസൂർ സ്വദേശിയായ ബാബുവാണ് സ്ഥാപനം നടത്തുന്നത്. മുംബയിലേക്കുള്ള 10 ലോഡ് പ്ലാസ്റ്റിക്ചിപ്സ് ഇന്നലെ കയറ്റി അയയ്ക്കാനായി തയ്യാറാക്കി വച്ചിരുന്നു. ഇതാണ് കത്തി നശിച്ചത്. ചെറിയ മഴയും ഇടിമിന്നലും ഉണ്ടായിരുന്ന സമയത്ത് വൈദ്യുതി ഇല്ലായിരുന്നു. സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഷെഡിന്റെ ഇരുമ്പു തൂണു വഴി മിന്നൽ ഏറ്റതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികൾ ഗോഡൗണിൽ നിന്നു പുറത്തിറങ്ങി. അയൽവാസികളെ വിളിച്ചുണർത്തി. തുടർന്ന് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. അരൂരിൽ നിന്നു ഫയർഫോഴ്സ് എത്താൻ ഒരു മണിക്കൂറോളം വൈകിയതായി നാട്ടുകാർ പറഞ്ഞു. ഇതിനിടെ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അരൂരിൽ നിന്നുവന്ന ഫയർഫോഴ്സ് സംഘത്തിന് തീ നിയന്ത്രിക്കാനാകാതെ വന്നതോടെ ചേർത്തല, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് സംഘങ്ങൾ എത്തിച്ചേർന്നു. രാവിലെ 7 മണിയോടെയാണ് തീ പൂർണ്ണമായും അണയ്ക്കാനായത്.

ആക്രി സാധനങ്ങൾക്കൊപ്പം ഗ്രൈൻഡിംഗ് മെഷീൻ ഉൾപ്പെടെ കത്തിനശിച്ചവയിൽ പെടും. ചാക്കിലാക്കി സൂക്ഷിച്ചിരുന്ന ചിപ്സുകൾ നാട്ടുകാരും തൊഴിലാളികളും ചേർന്ന് മാറ്റിയതിനാൽ തീപിടിത്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായി. ഗോഡൗൺ കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. അരൂർ സ്റ്റേഷൻ ഓഫീസർ കെ.വി.മനേഹരൻ, ചേർത്തല സ്റ്റേഷൻ ഓഫീസർ പ്രസാദ്, ഫയർമാൻമാരായ സുമേഷ്, ശ്രീ ദാസ്, രാധാകഷ്ണൻ, മനോജ് തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

................................................

'വേസ്റ്റിന് തീ പിടിച്ചെന്ന വിവരമാണ് ആദ്യം ലഭിച്ചത്. ഈ സമയം ദേശീയപാതയിൽ ഇടക്കൊച്ചി പാലത്തിന് സമീപം മറിഞ്ഞുവീണ കൂറ്റൻ വൃക്ഷം മുറിച്ചുനീക്കാനുള്ള ശ്രമത്തിലായിരുന്നു ഞങ്ങൾ. ഇതിനാൽ വിവരം ചേർത്തല ഫയർസ്റ്റേഷനിലേക്ക് നൽകി. പിന്നീട് തീ പിടിത്തത്തിന്റെ വ്യാപ്തി അറിഞ്ഞതോടെ അങ്ങോട്ടേക്ക് കുതിക്കുകയായിരുന്നു'

(കെ.വി.മനോഹരൻ, ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫീസർ, അരൂർ)