ഹരിപ്പാട്: ഹരിപ്പാട് നിയോജകമണ്ഡലത്തിൽ വോട്ടെടുപ്പ് സമാധാനപരം. ഒരിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. ചില ബൂത്തുകളിൽ വോട്ടിംഗ്മിഷനിലെ തകറാറുകൾ കാരണം വോട്ടിംഗ് ഒരു മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. വൈകിട്ട് ആറ് മണിക്ക് ശേഷം വോട്ട് ചെയ്യാൻ പല ബൂത്തുകളിലും വലിയ ക്യൂ കണപ്പെട്ടു. മണ്ണാറശ്ശാല യു.പി സ്കൂളിലെ 51ാം നമ്പർ ബൂത്ത്, ആറാട്ടുപുഴ 127ാം നമ്പർ ബൂത്ത്, കുമാരപുരം 25ാം നമ്പർ ബൂത്ത് എന്നിവിടങ്ങളിൽ ആറ് മണിക്ക് ശേഷവും വലിയ ക്യൂവാണ് ഉണ്ടായത്. ആറ് മണിക്ക് മുമ്പ് എത്തിയവർക്ക് ടോക്കൺ നൽകിയ ശേഷമാണ് തുടർന്നുള്ള വോട്ടിംഗ് പുരോഗമിച്ചത്. എല്ലാ ബൂത്തുകളിലും രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മുറിയാംമുട് എൽ.പി.എസിലെ I76ാം നമ്പർ ബൂത്ത്, ആറാട്ടുപുഴ കനകക്കുന്ന് 210 കയർ സഹകരണസംഘത്തിലെ 130ാം നമ്പർ ബൂത്ത്, കള്ളിക്കാട് 463ാം നമ്പർ കയർ വ്യവസായ സംഘത്തിലെ 126ാം നമ്പർ ബൂത്ത്, കരുവാറ്റ എൻ.എസ്.എസ് ഗേൾസ് ഹൈസ്കൂളിലെ 22-ാം ബൂത്ത്, കുമാരപുരം കുട്ടംകൈത 316 കയർ സംഘത്തിലെ 27ാം ബൂത്ത് എന്നിവിടങ്ങളിൽ വോട്ടിംഗ് യന്ത്രത്തിലെ തകരാർ കാരണം ഒരു മണിക്കൂറോളം വോട്ടിംഗ് വൈകി. കരുവാറ്റ എസ്.എൻ.ഡി.പി യു.പി സ്കൂളിലെ 12, 13 ബൂത്തുകളിൽ വോട്ടിംഗ് താമസിച്ചു. 13 ാം ബൂത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വോട്ട് പതിയാത്തതിനെ തുടർന്ന് ഒരു മണിക്കൂറോളം താമസിച്ചു. 8 മണിയോടെയാണ് വോട്ടിംഗ് ആരംഭിച്ചത്. 12ാം നമ്പർ ബൂത്തിൽ 7:45ടെ വോട്ടിംഗ് ആരംഭിച്ചു.