ചാരുംമൂട്: പോളിംഗ് സ്റ്റേഷനായി പ്രവർത്തിച്ച സർക്കാർ സ്കൂളിന്റെ ഭിത്തികളിൽ ആശ്രദ്ധമായി പോസ്റ്റർ പതിച്ചത് മനോഹരമായ ചുവർ ചിത്രങ്ങൾക്ക് നാശമുണ്ടാക്കിയതായി ആക്ഷേപം.
ചുനക്കര ഗ്രാമപഞ്ചായത്തിലെ 89, 91 ബൂത്ത് കേന്ദ്രങ്ങൾ പ്രവർത്തിച്ച ചുനക്കര ഗവ.യു.പി സ്കൂളിലെ ചുവർ ചിത്രങ്ങൾക്കാണ് പോസ്റ്ററുകൾ മൂലം നാശമുണ്ടായത്. പോളിംഗ് സ്റ്റേഷൻ സംബന്ധിച്ച വിവരങ്ങൾ, സ്ഥാനാർത്ഥികളുടെ പേരുവിവരങ്ങൾ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറ്റ് നിർദ്ദേശങ്ങൾ എന്നിവയുടെ പോസ്റ്ററുകളാണ് വോട്ടർരുടെ ശ്രദ്ധയ്ക്കായി പതിച്ചിരുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അശ്രദ്ധമായി പോസ്റ്റർ പതിച്ചതാണ് ചിത്രങ്ങൾക്ക് നാശമുണ്ടാകാൻ കാരണം.
അറിയിപ്പുകൾ പ്രദർശിപ്പിക്കാൻ ഭിത്തികളിലെ ജനൽ ഭാഗം, സ്കൂൾ ബോർഡുകൾ, സ്ക്രീനുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കാമായിരുന്നിട്ടും ഭിത്തിയിലെ ചിത്രങ്ങൾ ഉള്ള ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു വർഷം മുമ്പാണ് പി.ടി.എ മുൻകൈയെടുത്ത് പൊതു സമൂഹത്തിന്റെയും ജനപ്രതിനിധികളുടെയുമെല്ലാം സഹകരണത്തോടെ സ്കൂളിനകത്തും പുറത്തുമുള്ള ഭിത്തികൾ ചിത്രങ്ങൾ കൊണ്ട് ആകർഷകമാക്കിയത്.
തിരഞ്ഞെടുപ്പ് ഉപയോഗത്തിന് ആഴ്ചകളായി സ്കൂളിന്റെ വാഹനം വിട്ടു നൽകിയിരുന്നു. വാഹനത്തിന്റെ ഇരുവശങ്ങളിലും പോസ്റ്ററുകൾ പതിച്ച നിലയിലാണ് തിരികെ ലഭിച്ചത്. വാഹനം വൃത്തിയാക്കാൻ പോസ്റ്ററുകൾ ഇളക്കിയപ്പോൾ പെയിന്റ് ഇളകുന്നതായും പി.ടി.എ ഭാരവാഹികൾ പറഞ്ഞു.