ചാരുംമൂട്: ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്തേക്കുള്ള പൊതുവഴി നിറയെ കക്കൂസ് മാലിന്യം നിക്ഷേപിച്ച നിലയിൽ. നൂറനാട് മുതുകാട്ടുകര ഓലേപ്പറമ്പ്-രണ്ടുതുണ്ടിൽ മുക്ക് റോഡിന്റെ പല ഭാഗങ്ങളിലായിട്ടാണ് മാലിന്യം തള്ളിയ നിലയിൽ പരിസരവാസികൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിയോടു കൂടി ഇതുവഴി മിനി ടാങ്കർ ലോറിയും മുന്നിൽ ഒരു കാറും പോയിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ക്ഷേത്രങ്ങളും കാവുകളും സ്ഥിതി ചെയ്യുന്നതിനു സമീപം കക്കൂസ് മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തണമെന്നും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച സമൂഹ്യ വിരുദ്ധരെ നിയമത്തിനു മുന്നിൽ എത്തിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
നിരീക്ഷണ കാമറകൾ പരിശോധിക്കണം
ഇതിനുവേണ്ടി പ്രദേശത്തെ സ്വകാര്യ നിരീക്ഷണ കാമറകൾ പരിശോധിക്കുവാൻ നൂറനാട് പൊലീസ് മുന്നോട്ടു വരണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.