ഹരിപ്പാട്: പരിഷ്കൃതമായ ആചാര രീതികൾ സ്വീകരിക്കുന്നത് ഹിന്ദു മത സംസ്കൃതിയുടെ പൊതു തത്വമാണെന്ന് സ്വാമി സച്ചിതാനന്ദ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ 391ാം നമ്പർ നല്ലാണിക്കൽ ശാഖാങ്കണത്തിൽ ആരംഭിച്ച ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനയജ്ഞം നയിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് വെളിയിൽ എല്ലാ ക്ഷേത്രങ്ങളിലും ഷർട്ടിട്ട് പുരുഷൻമാർക്ക് പ്രവേശിക്കാം. കേരളത്തിൽ തന്നെ ശബരിമല, ശിവഗിരി, ഗുരുദേവൻ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ ഷർട്ടിട്ട് പുരുഷൻമാർ പ്രവേശിക്കുന്നത് കൊണ്ട് ആത്മീയ ചൈതന്യത്തിന് യാതൊരുവിധ ലോപവുമുണ്ടായിട്ടില്ല. വിശ്വഹിന്ദു പരിഷത്ത് നേരിട്ട് നടത്തുന്ന ക്ഷേത്രങ്ങളിൽ ഷർട്ടിട്ട് പ്രവേശിക്കുന്നതിൽ വിലക്കില്ല. ഒരു കാലത്ത് പ്രതിഷ്ഠ നടത്താനും സാത്വിക ദേവന്മാരെ ആരാധിക്കാനും ഈഴവരാദി പിന്നോക്ക ദളിത് വിഭാഗങ്ങൾക്ക് അവകാശമില്ലായിരുന്നു. ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയുടേയും അതിന്റെ തുടർച്ചയായി വന്ന ക്ഷേത്ര പ്രവേശന വിളബരത്തോടെയും ഇതിനു മാറ്റം വന്നു. മതത്തിന്റെ പരിരക്ഷയ്ക്കായും വളർച്ചയ്ക്കായും സമചിത്തതയോടെ ആചാരാനുഷ്ഠാനങ്ങളെ ഉൾക്കൊള്ളാനും ആവശ്യമുള്ള കാര്യങ്ങളിൽ പരിഷ്കൃതിയുൾക്കൊള്ളാനും സാധിക്കണമെന്നും സ്വാമി സച്ചിതാനന്ദ പറഞ്ഞു.
ധ്യാന യജ്ഞത്തിന് എത്തിയ സ്വാമിയെ ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ.അശോകൻ, ജയറാം, റീജു തുടങ്ങിയവർ ചേർന്ന് പൂർണ കുംഭം നൽകി സ്വീകരിച്ചു. യജ്ഞശാലയിൽ ദിവ്യജ്യോതിസ് സ്വരൂപത്തിന്റെ മുൻപാകെ ജപം ധ്യാനം സമൂഹപ്രാർത്ഥന ദിവ്യപ്രബോധനം എന്നിവ ധ്യാനാചാര്യന്റെ നേതൃത്വത്തിൽ നടന്നു. ദിവസവും രാവിലെ 9ന് ആരംഭിക്കുന്ന ധ്യാനയജ്ഞം വൈകിട്ട് 5ന് അവസാനിക്കും. ഞായറാഴ്ച വൈകിട്ട് 5ന് മഹാപ്രസാദ വിതരണത്തോടെയാണ് യജ്ഞത്തിന് സമാപനം.