എടത്വ: എടത്വ സെന്റ് ജേർജ്ജ് ഫൊറോനപള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് ഇന്ന് കൊടിയേറും. മേയ് 14 ന് എട്ടാമിടത്തോടെ സമാപിക്കും. മേയ് ഏഴിനാണ് പ്രധാന തിരുനാൾ . അന്ന് വൈകിട്ട് നാലിന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കും. വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി മേയ് മൂന്നിന് രാവിലെ ഒൻപതിന് ദേവാലയ കവാടത്തിൽ പ്രതിഷ്ഠിക്കും.
ഇന്ന് രാവിലെ ആറിന് മദ്ധ്യസ്ഥപ്രാർത്ഥനയ്ക്കും, വി. കുർബ്ബാനയ്ക്കും ശേഷം പള്ളി വികാരി ഫാ. മാത്യു ചൂരവടി കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. അസി.വികാരിമാരായ ഫാ.വർഗീസ് പുത്തൻപുര, ഫാ. ജോർജ്ജ് വെള്ളാനിക്കൽ, ഫാ. ഡൊമിനിക്ക് കൊച്ചുമലയിൽ, ഫാ. ജോർജ്ജ് തൈച്ചേരിൽ, ഫാ. ആന്റണി തേവാരിൽ, ഫാ. ജോസഫ് ചെമ്പിലകം, ഫാ. സെബാസ്റ്റ്യൻ കണ്ണാടിപ്പാറ, ഫാ. ജോസഫ് ബംഗ്ലാവുപറമ്പിൽ എന്നിവർ സഹകാർമികത്വം വഹിക്കും.