ആലപ്പുഴ: തോട്ടപ്പള്ളി,തൃക്കുന്നപ്പുഴ ഭാഗങ്ങളിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇന്നലെ നടത്തിയ റെയ്ഡിൽ ആഡംബര കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കാൽ കിലോ കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെടുത്തു.
കരുവാറ്റ ശ്രീനാഥ് ഭവനത്തിൽ ശ്രീനാഥ് (31), തൃക്കുന്നപ്പുഴ പള്ളിപ്പാട് ഗോപകുമാർ (30 ) എന്നിവരാണ് പിടിയിലായത് . ഇവർ സഞ്ചരിച്ച മാരുതി സിയാസ് കാറും കസ്റ്റഡിയിലെടുത്തു.തോട്ടപ്പള്ളി ഭാഗത്ത് സംശയാസ്പദമായി കണ്ട കോളേജ് വിദ്യാർത്ഥികളെ ചോദ്യം ചെയ്തപ്പോഴാണ് തൃക്കുന്നപ്പുഴ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന ശ്രീനാഥിനെയും ഗോപകുമാറിനെയും പറ്റി വിവരം ലഭിച്ചത്. ആഡംബര കാറിൽ ചുറ്റി നടന്നാണ് ഇവരുടെ കഞ്ചാവ് വില്പന. ഒരു ചെറിയ പൊതിക്ക് 500 രൂപയാണ് വില.
തമിഴ്നാട്ടിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചിരുന്നത്. മൊബൈൽ ഫോണിൽ ബന്ധപ്പെടുന്നതനുസരിച്ച് പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിച്ചു നൽകും. ഇന്നലെ വൈകിട്ടും കോളേജ് വിദ്യാർത്ഥികൾക്ക് തൃക്കുന്നപ്പുഴ ധർമ്മ ശാസ്താ ക്ഷേത്രത്തിന്ന് മുന്നിൽ വച്ച് ഇവർ കഞ്ചാവ് കൈമാറിയതായി രഹസ്യവിവരം ലഭിച്ചിരുന്നു. ക്ഷേത്രത്തിനു മുന്നിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് കാറിന്റെ നമ്പരടക്കം ലഭിച്ചത്..വേഗത്തിൽ പണം സമ്പാദിക്കുന്നതിനാണ് കഞ്ചാവ് വിലപ്പന നടത്തിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞു.
സ്പെഷ്യൽ സ്ക്വാഡ് സി.ഐ വി.റോബർട്ടിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എ.കുഞ്ഞുമോൻ, വി.ജെ.ടോമിച്ചൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ജിയേഷ്, കെ.ജി. ഓംകാർനാഥ്, പി.അനിലാൽ,വി.അരുൺ, ഡ്രൈവർ സന്തോഷ് എന്നിവർ പങ്കെടുത്തു.