a

മാവേലിക്കര: തെക്കേക്കര പഞ്ചായത്തിൽ തെരുവുനായ ആക്രമണത്തിൽ 12 പേർക്ക് കടിയേറ്റു. ചൂരല്ലൂർ, കുറത്തികാട്, തടത്തിലാൽ വാർഡുകളിലുള്ളവർക്കാണ് കടിയേറ്റത്. വെള്ളിയാഴ്ച രാത്രിയോടെയാണ് നായ ആക്രമണം തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.

മൂന്ന് പേർക്കാണ് വെള്ളിയാഴ്ച രാത്രി കടിയേറ്റത്. മേപ്പള്ളി ജംഗ്ഷനിൽ നിന്ന് വീട്ടിലേക്ക് പോകുന്നവഴി ചൂരല്ലൂർ സജി ഭവനത്തിൽ ബിന്ദു ബാബുവിനും (28) ഒപ്പമുണ്ടായിരുന്നവർക്കുമാണ് കടിയേറ്റത്. ഇന്നലെ രാവിലെ കുറത്തികാട് ജംഗ്ഷനിലെത്തിയ നായ ഹോട്ടൽ ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശി സോമുവിനെ (38) കടിച്ചു. കുറത്തികാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ വരാന്തയിൽ കിടന്ന് ഉറങ്ങുകയായിരുന്ന സോമുവിന്റെ തലക്കാണ് കടിയേറ്റത്. ഇവിടെതന്നെ കുറത്തികാട് പള്ളിയുടെ കിഴക്കതിൽ അമ്മിണി (88), ഭരണിക്കാവ് അശ്വനി ഭവനത്തിൽ കുട്ടൻ (62) എന്നിവരെ കടിച്ച ശേഷം വടക്കോട്ട് തടത്തിലാൽ ഭാഗത്തേക്കോടിയ നായ തടത്തിലാൽ വാർഡിൽ കണീരേത്ത് കല്യാണി (89), പടിപ്പുരയിൽ ശ്രീകുമാർ (55), കാഞ്ഞൂർ വീട്ടില്‍ ബീന (35), ചെമ്പള്ളിൽ ശശി (65)ചിറ്റേത്ത് പടീറ്റതിൽ രോഹിണി (70), വല്യവീട്ടിൽ അനി (48) എന്നിവരെ കടിച്ചു. നായ ഓടിപ്പോയ വഴിയിൽ നിന്ന പലർക്കും കടിയേറ്റു. നായയുടെ കടിയേറ്റവർ കുറത്തികാട് സി.എച്ച്.സി, മാവേലിക്കര ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി.