ഹരിപ്പാട്: ശ്രീനാരായണഗുരുവിനെ കുറിച്ച് കേരളീയർ വെച്ചുപുലർത്തുന്ന മുൻവിധിയോടെയുള്ള കാഴ്ചപ്പാടുകൾക്ക് മാറ്റം വരണമെന്ന് സ്വാമി സച്ചിതാനന്ദ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ നല്ലാണിക്കൽ 391 ശാഖാങ്കണത്തിൽ ആരംഭിച്ച ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനയജ്ഞം നയിക്കുകയായിരുന്നു അദ്ദേഹം. ഏകലോക ദർശനത്തിന്റെ പ്രയോക്താവായ ഗുരുവിനെ കേരളത്തിലെ ഒരു സമുദായത്തിന്റെ ആചാര്യനായി മാത്രം കാണുന്ന ചിന്താഗതികൾക്കു മാറ്റം വരണം. ശ്രീകൃഷ്ണൻ, ശ്രീബുദ്ധൻ, യേശുക്രിസ്തു, നബി, ശ്രീശങ്കരൻ തുടങ്ങിയ ജഗദ് ഗുരുക്കന്മാരുടെ പരമ്പരയിൽ ആധുനിക ഭാരതം ലോകത്തിന് സംഭാവന ചെയ്ത ഈ വിശ്വഗുരുവിനെ കേരളത്തിലെ സമുദായ നേതാക്കന്മാരുടെയും സാമൂഹിക പരിഷ്കർത്താക്കളുടേയും കൂട്ടത്തിൽ ചിത്രീകരിക്കുന്ന ഹ്രസ്വദൃഷ്ടിക്കും മാറ്റമുണ്ടാവണം. ഭാഗവതം, ഭഗവത്ഗീത, ബൈബിൾ, ഖുറാൻ, എന്നീ പുണ്യ ഗ്രന്ഥങ്ങളിൽ പോലും പ്രാദേശിക രാജ്യങ്ങളുടെ പരാമർശമുണ്ട്. എന്നാൽ ഉപനിഷത്ത് സമാനമായ ഗുരുദേവന്റെ 63 രചനകളിൽ ഒരിടത്തു പോലും പ്രാദേശികമായ ഒരു പ്രയോഗവും കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ധ്യാനം ഇന്ന് വൈകിട്ട് 5ന് സമാപിക്കും.