# തോട്ടപ്പള്ളി ബീച്ചിലെ കാറ്റാടിക്കൂട്ടത്തിൽ കഞ്ചാവ് സംഘങ്ങൾ
ആലപ്പുഴ: തോട്ടപ്പള്ളി ബീച്ചിലെ കാറ്റാടിമരക്കൂട്ടം കഞ്ചാവ് വില്പനക്കാരും മറ്റ് സാമൂഹ്യ വിരുദ്ധ സംഘങ്ങളും താവളമാക്കുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആഡംബര വാഹനങ്ങളിൽ എത്തുന്ന കഞ്ചാവ് സംഘങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത് സ്കൂൾ വിദ്യാർത്ഥികളെയാണ്.
തോട്ടപ്പള്ളി ബീച്ചിലെ ഇരുകരകളിലും തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖം വരെയുള്ള ഭാഗങ്ങളിലുമാണ് കാറ്റാടി മരങ്ങൾ ഉള്ളത്. മരങ്ങൾ പടർന്നു പന്തലിച്ചു കിടക്കുന്നതിനാൽ സാമൂഹ്യ വിരുദ്ധർക്ക് ഏറ്റവും സുരക്ഷിതമായി മാറിയിരിക്കുകയാണ് ഇവിടം. വിവാഹത്തിന് ശേഷം നവദമ്പതികൾ
ആൽബം സീനുകൾ പകർത്താൻ എത്തുമ്പോൾ ഇത്തരക്കാർ ഇവർക്കെതിരെയും തിരിയാറുണ്ട്. എതിർക്കുന്നവർക്കു നേരെ കൈയേറ്റവും അസഭ്യം പറച്ചിലുമുണ്ടാവും. മാനം പോവാതെ രക്ഷപ്പെടാനാവും ഇത്തരം സന്ദർഭങ്ങളിൽ സന്ദർശകർ ശ്രമിക്കുന്നത്.
പകൽ സമയത്ത് ബൈക്കുകളിൽ എത്തുന്ന സംഘങ്ങൾ കാറ്റാടി മരങ്ങൾക്കിടയിൽ മദ്യപാനം നടത്തുന്നതും പതിവാണ്. രാത്രി കാലത്താണ് കഞ്ചാവ് കൈമാറ്റം നടക്കുന്നത്. ബീച്ചിൽ സന്ദർശനത്തിന് എത്തുന്നവരെ അകറ്റി നിറുത്താനുള്ള ശ്രമങ്ങളും ഇവരുടെ ഭാഗങ്ങളിൽ നിന്നുണ്ടാവും. അടുത്തിടെ ബീച്ചിൽ എത്തിയ സംഘത്തിന്റെ കാറിന്റെ ഹോൺ മോഷ്ടാക്കൾ കവർന്നിരുന്നു.
# പാർക്കും താവളമാക്കുന്നു
ബീച്ചിനു സമീപത്തെ, കുട്ടികളുടെ പാർക്കിലും ഏറെ നേരം ചെലവഴിക്കുന്നത് മറ്റുള്ളവരാണ്. പഞ്ചായത്തിന്റെ അനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ പാർക്ക് ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടില്ല. സന്ധ്യ മയങ്ങുന്നതോടെ ഇവിടം ഇരുട്ടിലാവും. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലെങ്കിൽപ്പോലും അവധി ദിവസങ്ങളിൽ ഇവിടെ കുട്ടികളുമായെത്തുന്നവർ നിരവധിയാണ്. മയക്കുമരുന്ന് കുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചും ഈ പ്രദേശങ്ങളിൽ കാണാനാവും.