വളളികുന്നം: വയോജനങ്ങൾക്ക് തണലാകേണ്ട പകൽ വീട് സാമൂഹ്യ വിരുദ്ധർക്ക് താവളമായി.
വളളികുന്നം ഗ്രാമ പഞ്ചായത്തിൽ വിവേകാനന്ദ ജംഗ്ഷന് സമീപം 2006 -07 വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം ചിലവഴിച്ച് ജില്ലാ പഞ്ചായത്താണ് പകൽ വീടിനായി വളളികുന്നത്ത് കെട്ടിടം നിർമ്മിച്ചത്.
നിർമ്മാണം കഴിഞ്ഞ് വർഷങ്ങളായിട്ടും ഉദ്ഘാടനം നടന്നിട്ടില്ല. സാമൂഹ്യവിരുദ്ധർ ഇവിടെ വരുത്തിവച്ച നാശനഷ്ടം പരിഹരിക്കാൻ രണ്ട് ലക്ഷത്തോളം രൂപ വീണ്ടും ചെലവായതായി പറയുന്നു. വരാന്തകളും മറ്റും ഗ്രില്ലിട്ട് സുരക്ഷിതമാക്കിയ പകൽവീട് വെയിലും മഴയും ഏൽക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളായെങ്കിലും പഞ്ചായത്തോ, ജില്ലാ പഞ്ചായത്തോ തിരിഞ്ഞ് നോക്കിയിട്ടില്ലന്ന് ആക്ഷേപം ഉണ്ട്.
വളളികുന്നം പഞ്ചായത്ത് സ്റ്റേഡിയത്തോട് ചേർന്നു നിൽക്കുന്ന പകൽ വീടിനു ചുറ്റുമുള്ള ഭാഗങ്ങൾ വർഷങ്ങളായി കാടുമൂടി കിടക്കുകയായിരുന്നു. ഇവിടെ നിന്നുള്ള ഇഴജന്തുക്കൾ റോഡുകളിലും മറ്റും പതിവായതോടെ നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളാണ് അടുത്തിടെ കാടുകൾ വെട്ടിത്തെളിച്ചത്. ഇതുവരെ വൈദ്യുതി ലഭിച്ചിട്ടില്ല. 10 ലക്ഷം രൂപ ചെലവഴിച്ച് പകൽ വീട് 'വയോവാടി'യാക്കാനും അടിസ്ഥാന സൗകര്യമൊരുക്കി വയോജനങ്ങളെ ഇവിടെ എത്തിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇതുവരെയും പകൽ വീട് തുറന്ന് പ്രവർത്തിക്കാൻ നടപടിയായില്ലന്ന് നാട്ടുകാർ പറയുന്നു. പകൽ വീടിന്റെ നിർമ്മാണ ഘട്ടത്തിൽ കാണിച്ച തിടുക്കം പൂർത്തീകരിച്ചപ്പോൾ അധികൃതർക്കില്ലാതെ വന്നതാണ് ദുരവസ്ഥയ്ക്കു കാരണം.
...........................................
'സർക്കാരിന്റെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം കൊണ്ട് യാതൊരു പ്രയോജനവുമില്ലാതായ അവസ്ഥ ദു:ഖകരമാണ്. അധികൃതർ ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ പുലർത്തണം'
സെലിൻ ഗോപി
(നാട്ടുകാരൻ)