ആലപ്പുഴ: വിൽക്കാനായി കൊണ്ടുവന്ന മാരകലഹരി ഗുളികയുമായി ലഹരി വിമോചന കേന്ദ്രത്തിലെ ജീവനക്കാരൻ പിടിയിൽ. മാവേലിക്കരയിൽ പ്രവർത്തിക്കുന്ന ലഹരി വിമോചന കേന്ദ്രത്തിലെ ജീവനക്കാരനായ അമ്പലപ്പുഴ പഴവീട് തിരുവമ്പാടി പട്ടേർപറമ്പിൽ അമീർഖാനാ( 26 ) ണ് പി​ടി​യി​ലായത്. ആലപ്പുഴ ജനറൽ ആശുപത്രിയുടെ തെക്ക് പടിഞ്ഞാറു ഭാഗത്തുള്ള പ്രധാന ഗേറ്റിനു മുൻ വശം വച്ച് ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി. റോബർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായി​രുന്നു. നൈട്രാസെപാം ഇനത്തിൽ പെട്ട എട്ട് ലഹരിഗുളികകൾ ഇയാളിൽ നിന്ന് കണ്ടെടുത്തു.
മാനസികരോഗികൾക്ക് നൽകുന്നതാണ് ഇത്തരം ഗുളികകൾ.

മാവേലിക്കര ഭാഗത്തെ പ്രമുഖ ലഹരി വിമോചന കേന്ദ്രത്തിലെ രോഗികൾക്കും ഈ സ്ഥാപനത്തിന്റെ കീഴിലുള്ള ജി​ല്ലയിലെ മറ്റു സ്ഥാപനത്തിലേക്കും ഡോക്ടറുടെ നിർദ്ദേശ
പ്രകാരം ഇത്തരത്തിലുള്ള മരുന്നുകൾ സൂക്ഷിച്ച് വച്ച് ആവശ്യാനുസരണം എത്തിച്ചു കൊടുക്കുന്നത് ഇയാളാണ്.

ഇയാൾ ജോലി നോക്കിയിരുന്ന ലഹരി വിമോചന കേന്ദ്രത്തിലേക്കും ഉപകേന്ദ്രങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി. റോബർട്ട് അറിയിച്ചു.

അസിസ്റ്റന്റ് എക്‌സൈസ് കമ്മി​ഷണർ കെ.കെ അനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയിഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ അമൽ രാജൻ, പ്രിവന്റീവ് ഓഫീസർ ജി. അലക്‌സാണ്ടർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.വി.അശോകൻ, എൻ.പി. അരുൺ, സനൽ സിബിരാജ് ,വനിത സിവിൽ എക്‌സൈസ് ഓഫീസർ ബബിത രാജ് എന്നിവർ പങ്കെടുത്തു.

വി​ൽക്കും, സ്വന്തമായും ഉപയോഗി​ക്കും

ഇയാൾ കഴിഞ്ഞ രണ്ടു വർഷമായി ലഹരിഗുളികകൾ ആവശ്യക്കാർക്ക് വൻതുക ഈടാക്കി​ വിൽക്കുകയും സ്വയം ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

10 ഗുളികകൾ അടങ്ങിയ ഒരു സ്ട്രിപ്പിന് 200 രൂപ വരെ വില ഈടാക്കാറുണ്ടായിരുന്നുവത്രെ
ഇത്തരം ലഹരിഗുളികകൾ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ കൈവശം വയ്ക്കുന്നത് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.