ആലപ്പുഴ:സഹായിക്കാൻ ആരുമില്ലാതെ സങ്കടങ്ങൾ പങ്കുവച്ചു ജീവിതം തള്ളിനീക്കിയ ഈ സഹോദരിമാർക്ക് ഇന്നൊരു പുതു ജീവിതത്തിനു തുടക്കമാവുകയാണ്. പ്രളയത്തിൽ തകർന്ന വീടിനു പകരം കാരുണ്യമതികൾ നിർമ്മിച്ചു നൽകിയ പുത്തൻ വീട്ടിൽ കുസുമവല്ലിയും (56) മിനിയും (38) ഇന്ന് താമസം തുടങ്ങും.
മൂന്ന് പതിറ്റാണ്ട് മുൻപ് അച്ഛനും അമ്മയും വിടപറഞ്ഞപ്പോൾ ഇവരുടെ ജീവിതത്തിൽ നിന്ന് സന്തോഷം പടിയിറങ്ങിപ്പോയതാണ്.പിന്നെ ഇക്കാലമത്രയും ദുരിതക്കയത്തിൽ പരസ്‌പരം താങ്ങായി
തുഴയുകയായിരുന്നു.വിവാഹം നടന്നില്ല.
അതിനിടെ ചേച്ചിക്ക് വയറ്റിൽ കാൻസറും. പിടിച്ചു നിൽക്കാൻ പാടുപെടുമ്പോഴാണ് പ്രളയം മറ്റൊരു ആഘാതമായത്. ആടിയുലഞ്ഞു നിന്ന വീട് പ്രളയത്തിൽ താമസിക്കാൻ പറ്റാത്ത വിധം തകർന്നു. എന്നിട്ടും അതിൽ രണ്ട് ജീവിതങ്ങൾ കഴിഞ്ഞു. പ്രളയ സഹായമൊന്നും കിട്ടിയില്ല. 'സ്നേഹച്ചാറ്റ്' എന്ന പ്രാദേശിക സംഘടന ആ കണ്ണീരിന്റെ ആഴം കണ്ടു. താങ്ങായി റോട്ടറി ക്ലബും എത്തി. കദനകഥ കേട്ടറിഞ്ഞ ബംഗളുരുവിലെ ബിസിനസുകാരൻ പ്രദീപ് രാജൻ കാരുണ്യത്തൂണായി. നാലര ലക്ഷം രൂപ ചെലവിട്ട് അദ്ദേഹം നിർമ്മിച്ചു നൽകിയ വീട്ടിൽ ഇന്ന് രാവിലെ 10നാണ് ഗൃഹപ്രവേശം.
ആലപ്പുഴ പള്ളാത്തുരുത്തി പുതുവൽ വീട്ടിൽ കുസുമവല്ലിയുടെയും മിനിയുടെയും ജീവിതം വലിയൊരു സങ്കടക്കഥയാണ്. തൊഴിലാളികളായിരുന്ന പിതാവ് നാണപ്പനും അമ്മ ചെല്ലമ്മയും മൂപ്പത് കൊല്ലം മുൻപേ മരണമടഞ്ഞു. അവർ ജീവിച്ചിരുന്നപ്പോൾ രണ്ടാമത്തെയും മൂന്നാമത്തെയും മക്കളുടെ വിവാഹം നടത്തി. രണ്ടാമത്തെ മകളുടെ ഭർത്താവിനെ വിധി തട്ടിയെടുത്തു. മൂന്നാമത്തെയാളുടെ വിവാഹബന്ധം ആടിയുലഞ്ഞു.
വീടായെങ്കിലും ചേച്ചിയുടെ രോഗം മിനിയുടെ ഉള്ള് എരിക്കുകയാണ്.
ഹൗസ് ബോട്ടുകളിലെ വസ്ത്രം അലക്കിയാണ് ഇരുവരുടെയും ജീവിതം. മൂവായിരത്തോളം രൂപ മാസം കിട്ടും. അത് മരുന്ന് വാങ്ങാൻ തികയില്ല. ആർ.സി.സിയിൽ ഒരു ശസ്ത്രക്രിയ നടത്തി. ഒന്നുകൂടി വേണം. അതിന് അലക്കു കൂലി തികയില്ല. പ്രാർത്ഥനയും കാത്തിരിപ്പും തുടരുകയാണ് ഈ സഹോദരിമാർ.