ആലപ്പുഴ: തോപ്പിൽ ഭാസി രചനയും സംവിധാനവും നിർവ്വഹിച്ച 'അശ്വമേധം' സിനിമയിലെ കഥാപാത്രങ്ങളായ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലെ അന്തേവാസികൾ സാവിത്രി അന്തർജനവും ഇസ്മയിൽ കുഞ്ഞും പഴയ ഓർമ്മകളിലേക്ക് വീണ്ടുമൊന്ന് എത്തിനോക്കി.
ഇന്നലെ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ നടന്ന അശ്വമേധം കുഷ്ഠ രോഗ നിർണയ പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടന വേദിയിലായിരുന്നു ഇവർ ഓർമ്മകൾ ഉദ്യോഗസ്ഥരുമായി പങ്കുവെച്ചത്. 90 വയസുള്ള ഗൗരി അന്തർജനവും 80 വയസുള്ള വൈ.ഇസ്മയിൽ കുഞ്ഞും ആറു പതിറ്റാണ്ടിലേറെയായി ഇവിടെ അന്തേവാസികളാണ്. കുഷ്ഠരോഗ നിർണയ പ്രചാരണ പരിപാടിക്ക് അശ്വമേധം എന്നു നാമകരണംചെയ്തപ്പോൾ ഇരുവരുടെയും മനസിൽ എത്തിയത് നസീറും സത്യനും ഷീലയുമൊക്കെ അഭിനയിച്ച അശ്വമേധം സിനിമയാണ്. സിനിമയുടെ ഒരു ഭാഗം ചിത്രീകരിച്ചത് ലെപ്രസി സാനറ്റോറിയത്തിലായിരുന്നു. കുഷ്ഠ രോഗികളുടെ കൂടി കഥ പറയുന്ന ചിത്രത്തിൽ ഇരുവർക്കും ചെറിയ വേഷം ചെയ്യാൻ കഴിഞ്ഞു. സിനിമയിൽ രോഗിയായി ഗൗരി അന്തർജ്ജനവും സ്ട്രെച്ചർ ഉന്തുന്നയാളായി ഇസ്മയിൽ കുഞ്ഞും അഭിനയിച്ചു.
നെയ്യാറ്റിൻകര സ്വദേശിനിയായ ഗൗരി അന്തർജ്ജനം ഇരുപത്തിരണ്ടാം വയസിലും, കായംകുളം സ്വദേശിയായ വൈ.ഇസ്മയിൽ കുഞ്ഞ് ഏഴാം വയസിലുമാണ് ലെപ്രസി സാനിറ്റോറിയത്തിൽ എത്തിയത്. കുഷ്ഠം ഒരു രോഗമല്ല എന്നു അശ്വമേധത്തിലൂടെ തോപ്പിൽ ഭാസി പറഞ്ഞത് ഇന്നു സമൂഹം അംഗീകരിക്കുന്ന തരത്തിലേക്ക് എത്തിയെന്ന് പേഷ്യന്റ് വെൽഫയർ കമ്മിറ്റി കൺവീനർ കുടിയായ ഇസ്മയിൽ കുഞ്ഞ് അഭിപ്രായപ്പെടുന്നു. ചടങ്ങിൽ ഇരുവരെയും ആദരിച്ചു.