മാന്നാർ: ഇലഞ്ഞിമേൽ വളളിക്കാവ് ദേവീ ക്ഷേത്രത്തിൽ നിന്നു പുറത്തിറങ്ങിയ വാനരൻമാർ മുളവന ജംഗ്ഷനു സമീപമുള്ള വീടുകളിൽ അതിക്രമം കാട്ടുന്നതായി പരാതി.
കാർഷിക വിളകൾ നശിപ്പിക്കുക, വീടുകളിൽ കയറി ആഹാര സാധനങ്ങൾ കവരുക, കുട്ടികൾക്ക് നേരെ അക്രമം നടത്തുക, കിണറുകളിലും വാട്ടർ ടാങ്കിലും മലമൂത്ര വിസർജ്ജനം നടത്തി മലിനമാക്കുക തുടങ്ങിയവയാണ് വാനരൻമാരുടെ ഹോബികൾ! പെരിങ്ങിലിപ്പുറം വലിയ പറമ്പിൽ ചെങ്കിലാത്ത് ജോർജ്ജുകുട്ടിയുടെ വീട്ടിലെ പത്തോളം കോഴികളെ കൊന്നൊടുക്കി. ജനലുകൾ, ടെലിഫോൺ കേബിൾ, ലൈറ്റുകൾ എന്നിവയ്ക്കും നാശനഷ്ടം വരുത്തി.
ക്ഷേത്രത്തിലെ വാനര സംഘത്തിൽപ്പെട്ട ചില വിരുതന്മാർ മതിൽക്കെട്ട് വിട്ട് പുറത്തു കറങ്ങാൻ പോയ ശേഷം മടങ്ങിയെത്തുമ്പോൾ 'അന്തേവാസി'കൾ ഇവരെ തിരികെ കയറ്റില്ല. ആക്രമിച്ച് ഓടിക്കും. ഇങ്ങനെ പുറത്താക്കപ്പെടുന്നവരാണ് നാട്ടുകാർക്ക് തലവേദനയാവുന്നത്. വാനരന്മാർക്ക് ക്ഷേത്രത്തിലെ വാനരപ്പുരയിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. തെക്കേക്കാവിലെ തിടപ്പള്ളിയിലാണ് ഇവർക്ക് ഭക്ഷണം ഒരുക്കുന്നത്. കൂടാതെ കുടിവെള്ളവും കുളിക്കാനുള്ള വെള്ളവും പ്രത്യേകം തയ്യാറാക്കാറുണ്ട്. ദർശനത്തിനു വരുന്ന ഭക്തരും ഇവർക്ക് ഭക്ഷണം നൽകാറുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിൽപ്പെട്ട ക്ഷേത്രമാണിത്.
മുൻ കാലങ്ങളിൽ റാന്നി ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി കുരങ്ങുകളെ കെണിവെച്ച് പിടികൂടി കൊണ്ടു പോയിരുന്നു. വാനരൻമാരുടെ അതിക്രമ വിവരം പഞ്ചായത്തിൽ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. തുടർന്ന് പ്രദേശവാസികൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സജി ചെറിയാൻ എം.എൽ.എയ്ക്ക് പരാതി നൽകിയിരുന്നു. നടപടി എടുക്കാൻ വനംവകുപ്പ് ജില്ലാ ആഫീസർക്ക് നിർദ്ദേശം നൽകിയതായി എം.എൽ.എ അറിയിച്ചു.